കടുവയിലെ വിവാദ ഡയലോഗിനെ വിമര്‍ശിച്ച സിന്‍സി അനിലിന്റെ പോസ്റ്റിലെ മല്ലിക സുകുമാരന്റെ കമന്റ് സ്‌ക്രീന്‍ഷോട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത് ഖേദകരമെന്ന് സിന്‍സി. ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രതികൂലമായി ബാധിക്കുന്ന തരം ഡയലോഗില്‍ സിന്‍സി ഉള്‍പ്പടെ നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
കടുവയിലെ വിവാദ ഡയലോഗില്‍ ക്ഷമ ചോദിച്ച് പൃഥ്വിരാജ് പോസ്റ്റ് ചെയ്ത കുറിപ്പിന് അദ്ദേഹത്തിന്റെ ക്ഷമാപണം പ്രതീക്ഷ നല്‍കുന്നു എന്ന് സിന്‍സി കമന്റ് ചെയ്തിരുന്നു. സിന്‍സി അനിലിന് മറുപടിയായി ഭിന്നശേഷിയുള്ള ഒരു പെണ്‍കുഞ്ഞിന്, തങ്ങളുടെ വീടും വസ്തുവും നല്‍കിയിട്ടുണ്ടെന്നും മല്ലിക മറുപടി നല്‍കിയിരുന്നു.
ആ കുടുംബത്തിനു വേണ്ടി തന്റെ മക്കള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ നിരത്താന്‍ താല്പര്യമില്ലെന്നും പലരേയും പോലെ സിന്‍സിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാമെന്നുമാണ് മല്ലിക കമന്റ് ചെയ്തത്. പിന്നാലെ മല്ലിക സുകുമാരന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ തന്റെ കുഞ്ഞ് അത്തരത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ അവരത് നീക്കം ചെയ്തെന്നും അത് പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും സിന്‍സി പറയുന്നു. മക്കള്‍ക്ക് നേരെ വരുന്ന ഏത് ആക്രമണത്തെയും അമ്മമാര്‍ നേരിടാന്‍ ശ്രമിക്കുമെന്നും അങ്ങനെ ഒരു അമ്മ ആണ് മല്ലിക സുകുമാരനെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സിന്‍സി പറയുന്നു.
സിന്‍സിയുടെ പോസ്റ്റ്:
'ഒരു സിനിമയിലെ ഡയലോഗ് ഞാന്‍ അടങ്ങുന്ന ഒരു വിഭാഗം ആളുകളെ വേദനിപ്പിച്ചു. എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും അങ്ങനെ ഒരു കുഞ്ഞിന്റെ അമ്മ ആയത് കൊണ്ടും അതിനെ കുറിച്ച് ഇവിടെ പ്രതികരിച്ചു. എന്നെ പോലെ അനേകം പേരുടെ പ്രതികരണം കൊണ്ട് ആ സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും തെറ്റ് പറ്റിയെന്നു അംഗീകരിക്കുകയും ക്ഷമ പറയുകയും ചെയ്തു.
സിനിമയില്‍ നിന്നും ആ രംഗം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണ് അറിയുന്നത്. പൃഥ്വിരാജിന്റെ പോസ്റ്റില്‍ അദേഹത്തിന്റെ ക്ഷമാപണം പ്രതീക്ഷ നല്‍കുന്നു എന്ന് ഒരു കമന്റ് ഞാന്‍ ഇട്ടിരുന്നു. അവിടെ എനിക്കായി മല്ലിക സുകുമാരന്റെ ഒരു കമന്റ് ഉണ്ടായിരുന്നു. മക്കള്‍ എന്നും അമ്മാരുടെ വീക്ക് പോയിന്റ് തന്നെയാണ്. മക്കള്‍ക്ക് നേരെ വരുന്ന ഏത് ആക്രമണത്തെയും അമ്മമാര്‍ നേരിടാന്‍ ശ്രമിക്കും.അങ്ങനെ ഒരു അമ്മ ആണ് മല്ലിക സുകുമാരന്‍.
ഞങ്ങള്‍ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ ആയി എഫ്.ബി സുഹൃത്തുക്കള്‍ ആണ്. പക്ഷെ എന്റെ പോസ്റ്റ് ആന്റി കാണുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. എനിക്ക് അങ്ങനെ ഒരു മകന്‍ ഉണ്ടെന്നു അറിഞ്ഞിട്ടുമുണ്ടാകില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ഞാന്‍ എന്റെ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു അനാവശ്യ വിവാദം ഉണ്ടാക്കി എന്നതാണ് ആ അമ്മയെ ചൊടിപ്പിച്ചിട്ടുണ്ടാവുക. കടുവ എന്ന സിനിമ ഇറങ്ങരുത് എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടെന്നു തെറ്റിദ്ധരിച്ചു പോയിട്ടുണ്ടാകും. അവരുടെ കമന്റ്‌നെ വിമര്‍ശിച്ചും പരിഹസിച്ചും കുറെ ആളുകള്‍ അവിടെ പ്രതികരിച്ചു.
എന്റെ മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്ന് ഞാന്‍ അവരോട് പറഞ്ഞ നിമിഷം അതുകൊണ്ടാണോ, അതോ വിവാദം ഉണ്ടാക്കേണ്ട എന്ന് കരുതിയാണോ, അവര്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ അവരിട്ട ആ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരുപാട് പ്രചരിക്കുന്നു എന്ന് അറിയുന്നു. ഖേദകരമാണ്.
അതൊരു ആയുധമാക്കി അവരെ തളര്‍ത്തുന്നത് തീരെ ശരിയല്ല. അവരും ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ട് ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതി രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ച ഒരു സ്ത്രീയാണ്. ആ അര്‍ത്ഥത്തില്‍ അവരെന്നും അഭിമാനം തന്നെയാണ്...പഠിക്കേണ്ട പാഠവുമാണ്. അവര്‍ പിന്‍വലിച്ച ഒരു സ്റ്റേറ്റ്മെന്റ് ഇത്രയധികം ആഘോഷിക്കപെടേണ്ടതാണോ. അങ്ങനെയെങ്കില്‍ നമുക്ക് ഒക്കെ ഈ സമൂഹ മാധ്യമങ്ങളില്‍ തുടരാന്‍ എന്താണ് യോഗ്യത,' സിന്‍സി കുറിച്ചു.
മല്ലിക സുകുമാരന്റെ ഡിലിറ്റ് ചെയ്ത ഫെയ്‌സ് ബുക്ക് പോസ്റ്റ്
''സിന്‍സി അനില്‍, ഇടപ്പാളിലെ ബന്ധുക്കളില്‍ ഭിന്നശേഷിയുള്ള ഒരു പെണ്‍ കുഞ്ഞിന് , കുട്ടിയുടെ അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവില്‍ വീടും കുട്ടിയുമായി സഞ്ചരിക്കാന്‍ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ നിരത്താന്‍ താല്പര്യവുമില്ല.... പലരേയും പോലെ സിന്‍സിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം...
പലരില്‍ ഒരാള്‍ പക്ഷേ ഭിന്നശേഷിക്കാരെ അതില്‍ കേവലം ഒരു സിനിമയുടെ പേരില്‍ ദയവുചെയ്ത് വലിച്ചിഴക്കരുത്... സിന്‍സിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലുo ഉപയോഗിക്കാം.... പൊതു ജനം പലവിധം... ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും... ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.... പിന്നെ , മാദ്ധ്യമ സുഹൃത്തുക്കളോടു ചോദിക്കാം.... അതുമല്ലങ്കില്‍ ''അമൃതവര്‍ഷിണി' എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ....'' എന്നായിരുന്നു മല്ലികാ സുകുമാരന്‍ പറഞ്ഞത്.
നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഈ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. സംഭവം.