രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിത സിനിമയില്‍ ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജാക്കി ഷ്രോഫിന്റെ ക്യാരക്ടര്‍ ലുക്കും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്.
മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡ താരം ശിവരാജ്കുമാറും, ഭാഗമാകുന്ന ചിത്രത്തില്‍ തമന്നയാണ് നായിക എന്നാണ് വിവരം. രമ്യാ കൃഷ്ണന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.