ജയിലറിലെ വില്ലനായ വര്‍മ്മനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ തന്നെ; വിഷമം തോന്നിയ രജനി സാര്‍ ഫോണ്‍ ചെയ്ത് മറ്റൊരു പടം ഒരുമിച്ച് ചെയ്യാമെന്ന് മമ്മൂട്ടിയോട് പറഞ്ഞു; ചര്‍ച്ചയായി വസന്ത് രവിയുടെ വാക്കുകള്‍; ഋഷികേശില്‍ ആശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ജയിലറുടെ വിശേഷങ്ങള്‍ പങ്ക് വച്ച് രജനീകാന്തും

Malayalilife
ജയിലറിലെ വില്ലനായ വര്‍മ്മനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ തന്നെ;  വിഷമം തോന്നിയ രജനി സാര്‍ ഫോണ്‍ ചെയ്ത് മറ്റൊരു പടം ഒരുമിച്ച് ചെയ്യാമെന്ന് മമ്മൂട്ടിയോട് പറഞ്ഞു; ചര്‍ച്ചയായി വസന്ത് രവിയുടെ വാക്കുകള്‍; ഋഷികേശില്‍ ആശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ജയിലറുടെ വിശേഷങ്ങള്‍ പങ്ക് വച്ച് രജനീകാന്തും

നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രം ജയിലര്‍ തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ ആദ്യ പ്രതികരണവുമായി നായകന്‍ രജനീകാന്ത് രംഗത്തെത്തി. വളരെയധികം പ്രതീക്ഷകളോടെയാണ് ജയിലര്‍ റിലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഋഷികേശില്‍ ദയാനന്ദ സ്വാമി ആശ്രമത്തില്‍ കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്

ആശ്രമത്തിലെത്തി ദയാനന്ദ സ്വാമിയുടെ അനുഗ്രഹം വാങ്ങിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 'ജയിലര്‍ പുറത്തിറങ്ങുമ്പോള്‍ വളരെയധികം പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പേടിക്കേണ്ട, സിനിമ ഹിറ്റാകുമെന്ന് സ്വാമിജി പറഞ്ഞു. അദ്ദേഹം പറഞ്ഞാലത് സംഭവിക്കുക തന്നെ ചെയ്യും'- രജനി വെളിപ്പെടുത്തി. വന്‍ കരഘോഷത്തോടെയാണ് താരത്തിന്റെ പ്രതികരണത്തെ ആശ്രമനിവാസികള്‍ സ്വീകരിച്ചത്.

ജയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് അദ്ദേഹം. സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നേരത്തെ ഡെറാഡൂണ്‍ എയര്‍പോട്ടില്‍ രജനീകാന്ത് വന്നിറങ്ങുന്ന വീഡിയോയും വൈറലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് താരം ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടത്. 

തന്റെ മിക്കവാറും സിനിമകളുടെയും റിലീസിന് മുന്‍പായി താരം ഹിമാലയം സന്ദര്‍ശിക്കാറുണ്ട്. സമീപകാലത്ത് കൊവിഡ് മൂലവും ആരോഗ്യപ്രശ്നങ്ങള്‍ കാരണവും ഈ യാത്ര മുടങ്ങിയിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമാ റിലീസിനോടനുബന്ധിച്ച് രജനി ഹിമാലയത്തിലേയ്ക്ക് യാത്ര പോയിരിക്കുന്നത്.

അതേസമയം, ജയിലറിലെ വില്ലന്‍ കഥാപാത്രമായ വര്‍മനായി മമ്മൂട്ടിയായിരുന്നു എത്തേണ്ടിയിരുന്നതെന്ന് രജനി തന്നോട് പറഞ്ഞതായി ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്റെ മകനായി അഭിനയിച്ച നടന്‍ വസന്ത് രവി പറഞ്ഞതും ശ്രദ്ധ നേടുകയാണ്.

'പ്രതിനായകനായി മമ്മൂട്ടി സാറിനെയാണ് ആദ്യം തീരുമാനിച്ചത്. ലൊക്കേഷനില്‍ വച്ചാണ് രജനി സാര്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയ്ക്ക് ഇങ്ങനെ ഒരു വേഷം കൊടുക്കുന്നതില്‍ തനിക്ക് വിഷമം തോന്നിയെന്നും ഇത് ശരിയല്ലെന്ന് തോന്നിയെന്നും രജനി സാര്‍ പറഞ്ഞു. രജനി സാര്‍ തന്നെ പിന്നെ ഫോണ്‍ ചെയ്ത് മറ്റൊരു പടം ഒരുമിച്ച് ചെയ്യാമെന്ന് മമ്മൂട്ടിയോട് പറയുകയും ചെയ്തു.' വസന്ത് രവി പറഞ്ഞു.

Read more topics: # ജയിലര്‍
Rajini called Mammootty himself

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES