Latest News

കഥ സിനിമയാക്കാമെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു; വി.കെ. പ്രകാശിനെതിരെ പരാതിയുമായി യുവ കഥാകാരി

Malayalilife
 കഥ സിനിമയാക്കാമെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു; വി.കെ. പ്രകാശിനെതിരെ പരാതിയുമായി യുവ കഥാകാരി

കൊച്ചി: സംവിധായകന്‍ വി.കെ. പ്രകാശിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവ കഥാകാരി. തന്റെ ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അവര്‍ പറഞ്ഞു. ഈ സംഭവം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും ഇപ്പോള്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പാണ് ഈ സംഭവം നടക്കുന്നതെന്നും ഒരു കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ വി.കെ. പ്രകാശിനെ ബന്ധപ്പെടുന്നതെന്നും കഥാകാരി പറഞ്ഞു. അദ്ദേഹം നല്ല രീതിയില്‍ സംസാരിച്ചശേഷം കഥയുടെ ത്രെഡ് അയക്കാന്‍ പറഞ്ഞു. അതുലഭിച്ചശേഷം കഥ ഇഷ്ടമായി, എന്തായാലും സിനിമയാക്കാം, നേരിട്ട് കാണണമെന്ന് പറഞ്ഞു. കൊച്ചിയില്‍ അദ്ദേഹം വരുമ്പോള്‍ കാണാമെന്നാണ് താന്‍ പറഞ്ഞത്. അപ്പോള്‍ അദ്ദേഹം കൊല്ലത്തേക്ക് വരാനാവശ്യപ്പെട്ടു. അത്രയും ദൂരം വരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്തായാലും സിനിമയാക്കും എന്നുപറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുചെന്നതെന്നും കഥാകാരി പറഞ്ഞു.

'അവിടെ വി.കെ. പ്രകാശ് രണ്ട് മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടെ എന്റെ മുറിയിലേക്ക് അദ്ദേഹം വന്നു. കഥ കേട്ട് കുറച്ചായപ്പോള്‍ മദ്യം ഓഫര്‍ ചെയ്തു. കൂടാതെ നടി നവ്യാനായരെ വിളിച്ച് ലൗഡ് സ്പീക്കറിലും അല്ലാതെയും എന്തൊക്കെയോ സംസാരിച്ചു. അതിനുശേഷം കഥയെഴുതാനല്ലാതെ അഭിനയിക്കാന്‍ ശ്രമിച്ചുകൂടേ എന്ന് ചോദിച്ചു. അപ്പോള്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു സീന്‍ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വള്‍ഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താന്‍ കാണിച്ചുതരാമെന്ന് വി.കെ.പ്രകാശ് പറഞ്ഞു. അതുംപറഞ്ഞ് ചുംബിക്കാനും ബെഡിലേക്ക് തള്ളിയിടാനുമെല്ലാം ശ്രമിച്ചു.

കഥ പൂര്‍ണമായും കേള്‍ക്കില്ലെന്നും വേറെയാണ് ഉദ്ദേശമെന്നും എനിക്ക് മനസിലായി. ഞാനദ്ദേഹത്തെ തിരികെ റൂമിലേക്ക് അയക്കാന്‍ ശ്രമിച്ചു. കഥ പിന്നീട് പറയാമെന്നും പറഞ്ഞു. ഉറപ്പാണോ എന്ന് അദ്ദേഹം ചോദിച്ചു. ഉറപ്പാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഇറങ്ങിപ്പോയി. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍നിന്ന് ഞാനും ഇറങ്ങി. തിരിച്ച് എറണാകുളത്തെ വീട്ടിലെത്തി. ഉറക്കമെഴുന്നേറ്റപ്പോള്‍ വി.കെ.പ്രകാശിന്റെ കുറേ മിസ്ഡ് കോളുകള്‍ കണ്ടു. തിരിച്ചുവിളിച്ചപ്പോള്‍ കുറേ ക്ഷമാപണം നടത്തി. മകള്‍ അറിയപ്പെടുന്ന സംവിധായികയാണ്. രാത്രി പോകുന്ന സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ പേര് നഷ്ടപ്പെടില്ലേ എന്നെല്ലാം പറഞ്ഞു. ആരോടും പറയാതിരിക്കാനും അവിടെവരെ വന്നതല്ലേയെന്നും പറഞ്ഞ് വേറെ ആരുടേയോ അക്കൗണ്ടില്‍നിന്ന് 10,000 രൂപ അയച്ചുതന്നു. സാറിന് ഇനി സിനിമയെടുക്കാന്‍ ഉദ്ദേശമില്ലല്ലോ വിട്ടേക്കൂ എന്നുപറഞ്ഞ് ഞാന്‍ ആ അധ്യായം അവസാനിപ്പിച്ചു,' അവര്‍ വ്യക്തമാക്കി.

പിന്നീട് അദ്ദേഹവുമായി യാതൊരുവിധ കോണ്‍ടാക്റ്റും ഉണ്ടായിട്ടില്ല. ഇപ്പോളിത് പറയുന്നത്, നമ്മുടെ സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ നില്‍ക്കും എന്ന വാക്കുപറഞ്ഞതിനാലാണ്. പ്രത്യേക അന്വേഷണസംഘത്തിന് തിങ്കളാഴ്ച പരാതി കൊടുത്തെന്നും അവര്‍ പറഞ്ഞു.

director vk prakash allegation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES