തറയും മറ്റും വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് വാഷ് ബേസിന്‍ വൃത്തിയാക്കുന്നതും.ഇതിലുള്ള അണുക്കളെ അകറ്റിയില്ലെങ്കില്‍ പല രോഗങ്ങളും പിന്നാലെ വരും.കൂടാതെ അതിഥികളും മറ്റും വരുമ്പോള്‍ വൃത്തിഹീനമായ വാഷ് ബേസിന്‍ കാണുന്നതും നാണക്കേടാണ്.
ആഹാര അവശിഷ്ടങ്ങളും എണ്ണക്കറകളുമൊക്കെ വീണ് വാഷ് ബേസിന്‍ പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കാന്‍ സാദ്ധ്യതയുണ്ട്. സോപ്പോ മറ്റോ ഉപയോഗിച്ചാണ് ഇത് വൃത്തിയാക്കുന്നതെങ്കില്‍ കറ നന്നായി പോകണമെന്നുമില്ല. അപ്പോള്‍ എന്ത് ചെയ്യും? നമ്മുടെ അടുക്കളയിലുള്ള രണ്ടേ രണ്ട് സാധനങ്ങള്‍ ഉപയോഗിച്ച് വാഷ് ബേസിലെ കറകളെ അകറ്റാന്‍ സാധിക്കും.
ആവശ്യമായ സാധനങ്ങള്‍
ബേക്കിംഗ് സോഡ
ചെറുനാരങ്ങനീര്
തയ്യാറാക്കുന്ന രീതി
ബേക്കിംഗ് സോഡയെടുക്കുക. അതിലേക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് (ചെറിയ നാരങ്ങയാണെങ്കില്‍ ഒരെണ്ണം മുഴുവന്‍) ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ചെറുനാരങ്ങയുടെ തൊലി അതില്‍ മുക്കി വാഷ്ബേസില്‍ നന്നായി തേച്ചുകൊടുക്കുക. ഇനി ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചുകൊടുക്കാം. നിമിഷ നേരം കൊണ്ട് അഴുക്കെല്ലാം മാറുന്നത് കാണാം.
ബേക്കിംഗ് സോഡയും വൈറ്റ് വിനാഗിരിയും ചേര്‍ത്തും വാഷ് ബേസിന്‍ ക്ലീന്‍ ചെയ്യാന്‍ കഴിയും. വെള്ളം പൂര്‍ണമായും മാറ്റിയ ശേഷം അല്‍പം ബേക്കിംഗ് സോഡ വാഷ് ബേസില്‍ ഇട്ടുകൊടുക്കാം. ഇതിനുമുകളിലായി വിനാഗിരി ഒഴിച്ചുകൊടുക്കാം. നന്നായി പൊങ്ങി വരുന്നത് കാണാം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചുകഴുകിയാല്‍ കറയെല്ലാം അപ്രത്യക്ഷമാകും.
മാത്രമല്ല പല്ലിയേയും പാറ്റയേയും ഒക്കെ അകറ്റാന്‍ സഹായിക്കുന്ന സാധനമാണ് വിനാഗിരി. ഇത് വാഷ്ബേസില്‍ ഒഴിച്ചുകഴുകുന്നതുവഴി ഇത്തരം ജീവികളുടെ ശല്യവും ഒഴിവാക്കാം.