സൂഫിയും സുജാതയും എന്ന സിനിമയിലെ സൂഫി എന്ന കഥാപാത്രമായി വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആളാണ് ദേവ് മോഹന്‍. തൃശൂര്‍ സ്വദേശിയായ ദേവ് മോഹന്‍ ബംഗളൂരുവില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരുന്നതിനിടെയാണ് സിനിമയിലേക്ക് എത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സാമന്ത നായികയാകുന്ന ശാകുന്തളം ആണ് ദേവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇന്ത്യന്‍ പുരാണ കഥകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ശാകുന്തളത്തില്‍ ദുഷ്യന്ത് മഹാരാജാവായിട്ടാണ് ദേവ് വേഷമിടുന്നത്.
സൂഫി എന്ന ഒറ്റച്ചിത്രത്തിലൂടെ കേരളത്തില്‍ നിന്നും ആരാധികമാരെ സ്വന്തമാക്കിയ ദേവ് മോഹന്‍ രണ്ടു വര്‍ഷം മുന്നേയാണ് വിവാഹിതനായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദേവിന്റെ പ്രണയവും വിവാഹവും ആരാധകരും ആഘോഷമാക്കിയിരുന്നു. എന്നാല്‍ ദേവ് മോഹന്റെ പ്രണയകഥ ഇതാദ്യമായാണ് ആരാധകര്‍ക്ക് മുന്നില്‍ താരം വെളിപ്പെടുത്തിയത്. പത്തു വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് താരം വിവാഹിതനായത്.
മലപ്പുറം സ്വദേശിനിയായ റെജീനയെ ആണ് ദേവ് മോഹന്‍ വിവാഹം കഴിച്ചത്. കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ് എങ്കിലും ഒരിക്കല്‍ പോലും ഇവര്‍ കാണുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല. കോളേജില്‍ ദേവ് മോഹന്റെ ജൂനിയറായിരുന്നു റെജീന. സീനിയര്‍ ആയിരുന്ന ദേവ് മോഹനെ ഒരിക്കല്‍ പോലും കോളേജില്‍ വച്ച് റെജീന കണ്ടിട്ടുമില്ല. അതാണ് ഇരുവരുടെയും പ്രണയത്തിലെ ഏറ്റവും വലിയ രസകരമായ കാര്യം. റെജീന കോളേജില്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായി ജോയിന്‍ ചെയ്യുമ്പോള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദേവ് മോഹന്‍. മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കി കോളേജ് പഠനം കഴിഞ്ഞ് ദേവ് മോഹന്‍ പുറത്തിറങ്ങുന്ന രണ്ടു വര്‍ഷക്കാലവും ഇരുവരും പഠിച്ചത് ഒരേ ബില്‍ഡിംഗില്‍ അപ്പുറത്തെയും ഇപ്പുറത്തെയും ക്ലാസ്സുകളില്‍ ആയിരുന്നു. എന്നിട്ടു പോലും ഇരുവരും പരസ്പരം കണ്ടിരുന്നില്ല.
പിന്നീട് കോളേജ് പഠനം എല്ലാം കഴിഞ്ഞ ശേഷമാണ് ഇരുവരും നേരില്‍ കാണുന്നതും സംസാരിക്കുന്നതും സുഹൃത്തുക്കളാവുന്നതും എല്ലാം. ആ സുഹൃത്ബന്ധമാണ് പതുക്കെ പ്രണയത്തിലേക്കും വഴിമാറിയത്. അന്ന് താനൊരു നടനാകുമെന്നോ അല്ലെങ്കില്‍ സിനിമ ഒരു കരിയറായി സ്വീകരിക്കുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. റെജീനയും നിനച്ചിരുന്നില്ല തന്റെ പ്രിയപ്പെട്ടവന് അഭിനയ മേഖലയിലേക്ക് ചുവടു വയ്ക്കുമെന്ന്. ദേവ് മോഹന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത്തരം ആഗ്രഹങ്ങളുമായി നടക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുള്ളതിനാല്‍ തന്നെ ദേവ് മോഹന്റെ ആഗ്രഹം സാഫല്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ പ്രതീക്ഷയില്‍ തന്നെയായിരുന്നു റെജീനയും.
എന്നാല്‍ മോഡലിംഗ് രംഗത്ത് തിളങ്ങി നില്‍ക്കെയാണ് സൂഫിയും സുജാതയും എന്ന സിനിമയിലേക്കു ദേവ് മോഹന്‍ ക്ഷണം ലഭിക്കുന്നത്. 2020ലെ അവാര്‍ഡ് അടക്കം നേടിയായിരുന്നു തന്റെ അരങ്ങേറ്റച്ചിത്രത്തിലെ സൂഫി എന്ന കഥാപാത്രമായി ദേവ് മോഹന്‍ തിളങ്ങിയത്. പിന്നാലെ തന്നെ വിവാഹവും നടന്നു. 2020 ഓഗസ്റ്റ് 25നായിരുന്നു ദേവിന്റെ വിവാഹം നടന്നത്. ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്നു റെജീന അപ്പോള്‍. വളരെ ലളിതമായി നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
പ്രണയവും വിവാഹവും വെളിപ്പെടുത്തുവാന്‍ ദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് അന്ന് ശ്രദ്ധേയമായിരുന്നു. 'നീയെന്റെ ആത്മാവിന് വെളിച്ചം പകര്‍ന്നു, ഇതൊരു മുത്തശ്ശിക്കഥയൊന്നുമല്ല, ഒരു ദശാബ്ദമായി കരുത്ത് പകരുന്നതാണ്. നല്ലകാലത്തും മോശപ്പെട്ട സമയങ്ങളിലും നീ കൂടെ തന്നെയുണ്ടായിരുന്നു, ക്ഷമയോടെ, എനിക്കു കരുത്തു പകരുന്ന ഒന്നായി,എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങളിലെല്ലാം നീ സാക്ഷിയായി കൂടെ തന്നെയുണ്ടായിരുന്നു എന്നും ഞാനെന്നും നിന്നോട് ചേര്‍ന്നിരിക്കട്ടെ, എന്നായിരുന്നു അന്ന് ദേവ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.