ബോളിവുഡ്ഡിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മറ്റൊരു വേര്‍പാട് കൂടി ഉണ്ടായിരിക്കയാണ്. ബോളിവുഡ് നടന്‍ രഞ്ജന്‍ സേഗാളിന്റെ മരണമാണ് ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.36 വയസ്സായിരുന്നു. ചണ്ഢിഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നമന്‍ അന്ത്യശ്വാസം വലിച്ചത്. മള്‍ട്ടിപ്പിള്‍ ഓര്‍ഗണ്‍ ഫെയ്‌ലറാണ് മരണകാരണമായി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നത്. ദി സിനി ആന്റ് ടിവി അസോസിയേഷനായ സിന്റാ നടന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. 2010 നവംബര്‍ മുതല്‍ രഞ്ജന്‍ സംഘടനയില്‍ അംഗമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ നികത്താനാകാത്ത സങ്കടമുണ്ടെന്നും സിന്റായുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
ഐശ്വര്യ റായി നായികയായി അഭിനയിച്ച് ശ്രദ്ധേയമായ ചിത്രം സര്‍ബ്ജിത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ നടന്‍ രഞ്ജന്‍ എത്തിയിരുന്നു. ചിത്രത്തില്‍ രവീന്ദ്ര പണ്ഡിറ്റിന്റെ കഥാപാത്രത്തെയാണ് രഞ്ജന്‍ അവതരിപ്പിച്ചിരുന്നത്.കൂടാതെ ഫോഴ്‌സ്, കര്‍മ്മ, പഞ്ചാബി ചിത്രമായ മഹി എന്‍ആര്‍ഐ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കുറെയേറെ കാലമായി ശാരീരിക അസ്വസ്ഥതകള്‍ മൂലം നടന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
നിരവധി ടെലിവിഷന്‍ ഷോകളിലും രഞ്ജന്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. ക്രൈം പട്രോള്‍, സാവ്ധാന്‍ ഇന്ത്യ, തും ദേനാ സാഥ് മേരാ, ഭവാര്‍, കുല്‍ദീപക്, ഗുസ്താക് ദില്‍ എന്നീ ടിവി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും രഞ്ജന്റെ മുഖം സുപരിചിതമാണ്. 2020 ബോളിവുഡില്‍ നിരവധി താരങ്ങളുടെ അപ്രതീക്ഷിത വിയോഗമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഭിനയ കുലപതികളായിരുന്ന റിഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, യുവനടന്‍ സുശാന്ത് സിങ് രാജ് പുത്, സരോജ് ഖാന്‍, ജഗ്ദീപ് എന്നിവരാണ് ഇക്കൊല്ലം ഇതിനോടകം മരിച്ച ബോളിവുഡ് താരങ്ങള്‍.