ഹിന്ദി സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഗോവിന്ദ. നൃത്തരംഗത്തിലും മികവ് കാട്ടുന്ന ഗോവിന്ദ വീണ്ടും വിവാഹിതനായ വാര്‍ത്തയാണ് ബോളിവുഡ് ലോകത്തെ ചര്‍ച്ചാ വിഷയം. ഭാര്യയെത്തന്നെയാണ് താരം വീണ്ടും വിവാഹം ചെയ്തത്. താരം തന്നെയാണ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ടെലിവിഷന്‍ ഷോ ആയ ആപ് കി അദാലത്തിലാണ് ഭാര്യയെ താന്‍ വീണ്ടും വിവാഹം കഴിച്ചിരുന്നുവെന്നും അത് തന്റെ അമ്മയുടെ തീരുമാനമാണെന്നും താരം വെളിപ്പെടുത്തിയത്. സുനിതയാണ് ഗോവിന്ദയുടെ ഭാര്യ. 1987ലാണ് ഗോവിന്ദയുടെയും സുനിതയുടെയും വിവാഹം കഴിയുന്നത്. എന്നാല്‍ പിന്നീടും ഇവര്‍ വിവാഹിതരായി. ഗോവിന്ദയുടെ നാല്‍പ്പത്തിയൊമ്പതാം വയസ്സിലായിരുന്നു സുനിതയുമായി വീണ്ടും വിവാഹിതനായത്. അമ്മയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു വീണ്ടും വിവാഹമെന്നും ഗോവിന്ദ പറയുന്നു.
ചില വിശ്വാസങ്ങള്‍ തനിക്കുണ്ടായിരുന്നു. തനിക്ക് ന്യൂമറോളജി, ജ്യോതിഷം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വിശ്വാസമാണെന്നും നടന്‍ പറയുന്നു. ന്യൂമറോളജി പ്രകാരമാണ് താന്‍ ഗോവിന്ദ എന്ന് പേര് സ്വീകരിച്ചതെന്നും നടന്‍ പറയുന്നു.
പതിനാലാം വയസ്സു മുതല്‍ ഗായത്രി മന്ത്രം ഉരുവിടുമായിരുന്നു. ഒരു നായകനു വേണ്ട രൂപമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയില്‍ നായകനാകുകയായിരുന്നു. സുനിതയെ ആദ്യം വിവാഹം കഴിച്ചപ്പോള്‍ അത് സ്വകാര്യചടങ്ങായിരുന്നു. അന്നത്തെ കാലത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നടന്‍ വിവാഹിതനായാല്‍ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിവാഹം രഹസ്യമാക്കിവെച്ചതെന്നും ഗോവിന്ദ പറയുന്നു.
സിനിമയില്‍ സജീവമല്ലെങ്കിലും ടിവി പരിപാടികളില്‍ അതിഥിയായി താരം എത്താറുണ്ട്. രംഗീല രാജയാണ് ഗോവിന്ദയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 'ഭഗവാന്‍ കേ ലിയേ മുജേ ചോഡ് ദോ', 'പിങ്കി ഡാര്‍ലിങ് ആന്‍ഡ് നാഷണല്‍ ഹീറോ' എന്നിവയാണ് ഗോവിന്ദയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.