'ലോക'യിലെ ടൊവീനോ തോമസ് അവതരിപ്പിക്കുന്ന ചാത്തന്‍ എന്ന കഥാപാത്രത്തിന് 'അജയന്റെ രണ്ടാം മോഷണം'യിലെ മണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് നടന്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കിക്കൊണ്ടാണ് ടൊവീനോ ഇക്കാര്യം വ്യക്തമാക്കിയത്. ''ചാത്തനും മണിയനും രണ്ട് വ്യത്യസ്ത യൂണിവേഴ്സുകളിലാണ് ഉള്ളത്. തമ്മില്‍ ബന്ധമൊന്നുമില്ല,'' എന്നാണ് ടൊവീനോയുടെ മറുപടി.
'ലോക'യുടെ പോസ്റ്റ്-ക്രെഡിറ്റ് സീനില്‍ ടൊവീനോയുടെ കഥാപാത്രം പ്രത്യക്ഷപ്പെട്ടതോടെ മണിയന്റെ പഴയ ഓര്‍മ്മകള്‍ ഉയര്‍ന്നുവന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സിദ്ധാന്തങ്ങളും വ്യാപകമായിരുന്നു. ഇതിനിടെ, 'അജയന്റെ രണ്ടാം മോഷണം' റിലീസിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മണിയന്റെ സിനിമയില്‍ നിന്ന് നീക്കം ചെയ്ത ഒരു രംഗം സംവിധായകന്‍ ജിതിന്‍ ലാല്‍ പുറത്തുവിട്ടിരുന്നു. ഈ പോസ്റ്റിനടിയിലാണ് ആരാധകന്‍ സംശയം ഉന്നയിച്ചത്.
അതേസമയം, മണിയന്‍ കഥാപാത്രത്തെ ആസ്പദമാക്കി ഒരു സ്പിന്‍-ഓഫ് സിനിമ ഒരുക്കാനിരിക്കുകയാണെന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 'ലോക'യില്‍ മൈക്കിള്‍ എന്ന ചാത്തനായി എത്തുന്ന ടൊവീനോയുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ടാം ഭാഗത്തില്‍ വെളിപ്പെടുമെന്നാണ് സൂചന. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒടിയനായി എത്തുന്നുവെന്നും ഇരുവരുടെയും കഥാപാത്ര പോസ്റ്ററുകള്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.