തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജന്‍മവാര്‍ഷിക ദിനത്തില്‍ തമിഴ്ചിത്രം തലൈവിയിലെ കങ്കണയുടെ ചിത്രം പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍.വെള്ള സാരിയില്‍ ചിരിച്ചു നില്‍ക്കുന്ന ജയലളിതയുടെ പ്രശസ്തമായ പഴയകാല ചിത്രമാണ് സിനിമയ്ക്ക് വേണ്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ കങ്കണയുടെ മേക്ക് ഓവര്‍ ആരും ഞെട്ടിപ്പിക്കുന്നതാണ്.
ഇതിന് മുന്‍പ് പുറത്തു വിട്ട തലൈവിയുടെ ടീസര്‍ അമിതമായ ഗ്രാഫിക് ഇഫക്ട്സിനാല്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ പുതിയ ചിത്രം ജയലളിതയുമായി വളരെയധികം സാമ്യം പുലര്‍ത്തുന്നുണ്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം.
ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ല,സംവിധായകന്‍ എ എല്‍ വിജയും പറഞ്ഞു.തലൈവിയ്ക്കായി പത്തു കിലോ ഭാരമാണ് അവര്‍ കൂട്ടിയത്. അവരെപ്പോലെ സമര്‍പ്പണ മനോഭാവമുള്ള മറ്റൊരു അഭിനേതാവിനെ ഞാന്‍ കണ്ടിട്ടില്ലെന്നും വിജയ് ഇന്ത്യന്‍ എക്‌സ്പ്രസ്സ്ിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡയറക്ടര്‍സ് ഡിലൈറ്റ് ആണവര്‍. ലേഡി ആമിര്‍ ഖാന്‍ എന്നും വേണമെങ്കില്‍ പറയാമെന്നും സംവിധായകന്‍ പറഞ്ഞു.തലൈവി' എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവന്‍ ദീപകില്‍ നിന്നും തങ്ങള്‍ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ബാഹുബലി', 'മണികര്‍ണിക', 'ഭജരംഗി ഭായിജാന്‍' എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്
അശ്വിനി തിവാരി സംവിധാനം ചെയ്ത പങ്കയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം ഉണ്ടാക്കിയിരുന്നില്ല.തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.