ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രം 'സൂര്യ 42വിന്റെ' മോഷന്‍ പോസ്റ്റര്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ സൂര്യ പുറത്തിറക്കി. സ്പെഷ്യല്‍ ഇഫക്ട് നിറഞ്ഞ ഹെവി പ്രൊമോ ചരിത്ര കാലഘട്ടത്തിലെ കാഴ്ചയാണ് സൂചിപ്പിക്കുന്നത് ബിഗ് ബഡ്ജറ്റ് പീരിയോഡിക് ഡ്രാമയാണ് അണിയറയിലൊരുങ്ങുന്നത് എന്ന സൂചനയാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്.
ഒരു കഴുകന്‍ യുദ്ധഭൂമിയില്‍ പറന്നുയരുന്നതോടെയാണ് പ്രമോ ആരംഭിക്കുന്നത്. അവിടെ കുതിരസവാരി നടത്തുന്ന യോദ്ധാക്കള്‍ വാളുകളും മഴുവുമായി പരസ്പരം പോരാടുന്നത് കാണാം. പക്ഷി പിന്നീട് ഒരു യോദ്ധാവിന്റെ അടുത്തേക്ക് പറക്കുന്നു. അയാള്‍ ഒരു പാറയുടെ മുകളില്‍ നിന്നുകൊണ്ട് താഴെ നടക്കുന്ന യുദ്ധം വീക്ഷിക്കുകയും, പക്ഷി അയാളുടെ തോളില്‍ ഇരിക്കുകയും ചെയ്യുന്നു. സൂര്യ ഏക പോരാളിയാണ്. ''ഞങ്ങള്‍ സാഹസികത ആരംഭിക്കുമ്പോള്‍, നിങ്ങളുടെ ആശംസകള്‍ ഞങ്ങള്‍ തേടുന്നു,'' മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സൂര്യ ട്വീറ്റ് ചെയ്തു.
ഒരു പഴയകാല പോരാളിയുടെ വേഷത്തിലാണ് തന്റെ 42-ാം ചിത്രത്തിന്റെ ആനിമേറ്റഡ് പോസ്റ്ററില്‍ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. സൂററൈ പോട്ര്, ജയ് ഭീം അടക്കം മികച്ച ചിത്രങ്ങള്‍ തന്റെ ആരാധകര്‍ക്ക് സമ്മാനിച്ചെങ്കിലും, ഇത് വരെ ഒരു തിയേറ്റര്‍ വിജയചിത്രം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. അതിന് ഒരു മാറ്റം പേരിടാത്ത പുതിയ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത അണ്ണാത്തെയ്ക്കും മോശം തിയേറ്റര്‍ പ്രതികരണമാണ് ലഭിച്ചത്. 3D ഫോര്‍മാറ്റില്‍ ബിഗ് ബഡ്ഡറ്റില്‍ ഒരുക്കുന്ന ചിത്രം 10 ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.
യു. വി ക്രിയേഷന്‍സ് നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ബോളിവുഡ് താരം ദിഷ പട്ടാണിയാണ് നായിക . യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി, കോവൈ സരള എന്നീ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ പൂര്‍ത്തികരിച്ചിരുന്നു. മെഗാ ആക്ഷന്‍ രംഗങ്ങളടക്കമുള്ള രണ്ടാം ഷെഡ്യൂള്‍ സെപതംബര്‍ 13ന് ഗോവയില്‍ ചിത്രീകരണമാരംഭിക്കും