നടി പരിനീതി ചോപ്രയും ആംആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതയായി. ആഡംബര ചടങ്ങുകളോടെ ഉദയ്പുരിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാസുഹൃത്തുക്കള്‍ക്കു വേണ്ടി ഡല്‍ഹിയിലും മുംബൈയിലും രണ്ട് റിസപ്ഷനുകളും പരിനീതിയും രാഘവും സംഘടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്ര, പവന്‍ സച്ച്‌ദേവ, ടെന്നീസ് താരം സാനിയ മിര്‍സ, മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്, ശിവസേന നേതാവ് ആദിത്യ താക്കറെ, പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര എന്നിവരും വിവാഹത്തിനെത്തിയിരുന്നു.
ലണ്ടനില്‍ പഠിക്കുന്ന സമയത്താണ് പരിനീതി ചോപ്രയും രാഘവ് ചദ്ദയും സുഹൃത്തുക്കളായതെന്നാണ് റിപ്പോര്‍ട്ട്. നടി മാഞ്ചസ്റ്റര്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ്, ഫിനാന്‍സ്, ഇക്കണോമിക്‌സ് എന്നിവയില്‍ ട്രിപ്പിള്‍ ഓണേഴ്‌സ് ബിരുദം നേടി. രാഘവ് ഛദ്ദ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) ആണ് പഠിച്ചത്.
1988 ഒക്ടോബര്‍ 22ന് ഹരിയാനയിലെ അംബാലയില്‍ പഞ്ചാബി കുടുംബത്തിലാണ് പരിനീതിയുടെ ജനനം. അച്ഛന്‍ പവന്‍ ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവര്‍ ബന്ധുക്കളാണ്.
2011-ല്‍, രണ്‍വീര്‍ സിങ്, അനുഷ്‌ക ശര്‍മ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് ചോപ്ര തന്റെ സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്‌സൂള്‍ ഗില്‍ എന്നിവയാണ് നടിയുടെ പുതിയ റിലീസുകള്‍.