മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ്. ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരുങ്ങുന്നത്. 'ദൃശ്യം' 2013 ഡിസംബറിലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടിയോളം രൂപ കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു. ' ദൃശ്യം 2' ചിത്രീകരണം കഴിഞ്ഞ 21 നാണ് ആരംഭിച്ചത്. സിനിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ ജീത്തുവിന്റെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്.
ആദ്യ ഭാഗത്തെ താരങ്ങള്‍ ഭൂരിഭാഗവും രണ്ടാം ഭാഗത്തിലുമുണ്ട്. അടുത്തിടെ ഒരു മാധ്യമത്തോട് നടന്‍ സിദ്ധീഖ് ചിത്രത്തിന്റെ കഥാഗതിയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. പ്രഭാകറും ഭാര്യയും കൂടി മടങ്ങി വന്ന് ഈ കേസ് കുത്തിപ്പൊക്കുന്നതും പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നതും ഒടുവില്‍ പഴയതു പോലെ ജോര്‍ജുകുട്ടിയിലേക്കു സംശയങ്ങള്‍ നീളുന്നതുമൊക്കെയാണ് കഥയെന്നു ആണ് സിദ്ദിഖ് ഒരു മാധ്യമത്തോട് പറഞ്ഞത്. ഒരുപാട് ട്വിസ്റ്റുകളും ചിത്രത്തിലുണ്ടെന്നു ആ അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു. എന്നാല്‍ അടുത്തിടെ കേരളകൗമദിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധീക്കിന്റെ ഈ കഥയെ പറ്റി സംവിധായാകന്‍ ജീത്തു ജോസഫ് മനസുതുറന്നിരുന്നു.
അതേ കുറിച്ച് ജീത്തു ജോസഫ് പറയുന്നതിങ്ങനെ
സിദ്ദിഖ് ചേട്ടന്‍ അത് അവരെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞ ഒരു കഥയാണ്. ഞാന്‍ സിദ്ദിഖ് ചേട്ടനോട് ചോദിച്ചിരുന്നു ചേട്ടന്‍ എന്താ അങ്ങനെയൊക്കെ പറഞ്ഞതെന്ന്. ഞാന്‍ ചുമ്മാ ഒരു കഥ ഉണ്ടാക്കി പറഞ്ഞതാണ് എന്നും അവര്‍ അത് വാര്‍ത്തയാക്കുമെന്നു വിചാരിച്ചില്ലെന്നുമാണ് സിദ്ദിഖ് ചേട്ടന്‍ എന്നോട് പറഞ്ഞത്. ഒരു കുടുംബത്തിന്റെ ട്രോമ ആണ് ചിത്രം പറയുന്നത്. പിന്നെ രണ്ടുമൂന്നു ആംഗിളുകളില്‍ പറയുന്ന കഥയായത് കൊണ്ട് അതില്‍ ടെന്‍ഷന്‍ ഉണ്ടാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം ആരംഭിച്ച ദൃശ്യം കൊച്ചിയിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇപ്പോള്‍ തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.