പ്രശസ്ത സിനിമാ–സീരിയല്‍ താരം ശരൺ വേണു വിടവാങ്ങി. 40 വയസ്സായിരുന്നു. രണ്ട് ദിവസമായി കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശരൺ. രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ക്ക് കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം വിട്ട് നല്‍കും.
ശരണ്‍ ഇതിനോടകം തന്നെ ചിത്രം കൂടാതെ അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം , 32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ശരണിന്റെ അച്ഛന്‍ എസ് വേണു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു. ചിത്രം സിനിമയിൽ ശരണിന്റേത് മോഹൻലാലിന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിന്ന വേഷമായിരുന്നു. പ്രേക്ഷകർ എന്നും സായിപ്പിനെ പറ്റിക്കാൻ ആറ്റിൽ ചാടുന്ന പയ്യനെ ചിരിയോടു കൂടിയെ ഓർക്കൂ. ‘അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ....’എന്ന ശരണിന്റെ ഡയലോഗും അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും സിനിമ–സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം തിരുവനന്തപുരം സ്വദേശിയായ ശരൺ, കടക്കല്‍ ചിതറയിലായിരുന്നു താമസം. ശരണിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മോഹൻലാൽ, മനോജ് കെ.ജയൻ തുടങ്ങിയ പ്രമുഖർ രംഗത്ത് എത്തിയിരുന്നു. അഭിനയജീവിതം തുടങ്ങിയ കാലം മുതൽ താൻ അറിയുന്ന വ്യക്തിയാണ് ശരണെന്ന് ആയിരുന്നു മനോജ് കുറിക്കുന്നു.