ആഗോള പ്രീമിയറിനൊരുങ്ങി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്സ് കോര്‍ട്ട്റൂം ത്രില്ലര്‍ ചിത്രം 'സിസ്റ്റം'. അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതല്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറില്‍ പമ്മി ബവേജ, ഹര്‍മന്‍ ബവേജ, സ്മിത ബാലിഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹര്‍മന്‍ ബവേജ, അരുണ്‍ സുകുമാര്‍, അശ്വിനി അയ്യര്‍ തിവാരി, തസ്നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘില്‍ഡിയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗര്‍വാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയന്‍ദീപ് ഗുപ്ത എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
'സിസ്റ്റം' ഒരു ശക്തമായ നിയമ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. പൊതുപ്രോസിക്യൂട്ടറായ നെഹ രാജ്വന്‍ഷ് (സോനാക്ഷി സിന്‍ഹ)യും സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ള കോടതി സ്റ്റെനോഗ്രാഫറായ സരിക റാവത്ത് (ജ്യോതിക)യും തമ്മിലുള്ള അസാധാരണ കൂട്ടുകെട്ടാണ് കഥയുടെ കേന്ദ്രീകരണം. സാമൂഹികമായി വ്യത്യസ്ത തലങ്ങളിലുള്ള ഇവര്‍ സത്യത്തിനും നീതിക്കും വേണ്ടി ഒന്നിക്കുന്നു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പിന്നില്‍ മറഞ്ഞിരിക്കുന്ന അനീതികളെ പുറത്തുകൊണ്ടുവരാനുള്ള അവരുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
''ആഗ്രഹം, നീതി, നൈതികത എന്നീ വിഷയങ്ങളെ ആഴത്തില്‍ പരിശോധിക്കുന്ന ശക്തമായ ഒരു ത്രില്ലിംഗ് ഡ്രാമയാണ് 'സിസ്റ്റം'. ഓരോ ഘട്ടത്തിലും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്,'' എന്ന് പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടറും ഹെഡ് ഓഫ് ഒറിജിനല്‍സുമായ നിഖില്‍ മധോക് വ്യക്തമാക്കി. സോനാക്ഷി സിന്‍ഹയുടെയും ജ്യോതികയുടെയും പ്രകടനം ആഗോള പ്രേക്ഷകരുമായി ശക്തമായി ബന്ധപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''വ്യത്യസ്ത ലോകങ്ങളില്‍ നിന്നുള്ള രണ്ടു ശക്തരായ സ്ത്രീകള്‍ അവരുടെ സ്വന്തം നീതിബോധം കൊണ്ട് ഒന്നിക്കുന്ന കഥയാണ് 'സിസ്റ്റം'. അര്‍ത്ഥവത്തായ സിനിമാറ്റിക് കഥകള്‍ പറയാനുള്ള ഞങ്ങളുടെ ദര്‍ശനത്തിന്റെ പ്രതിഫലനമാണ് ഈ ചിത്രം,'' എന്ന് നിര്‍മ്മാതാവ് ഹര്‍മന്‍ ബവേജ പറഞ്ഞു. പ്രൈം വീഡിയോയുമായും അശ്വിനി അയ്യര്‍ തിവാരിയുമായുള്ള സഹകരണം സിനിമയെ വലിയ സ്‌കെയിലിലും യാഥാര്‍ത്ഥ്യബോധത്തോടെയും അവതരിപ്പിക്കാന്‍ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദിയിലൊരുങ്ങുന്ന 'സിസ്റ്റം' മെയ് 22 മുതല്‍ പ്രൈം വീഡിയോയില്‍ മാത്രം സ്ട്രീമിംഗ് ആരംഭിക്കും.