ബെംഗളൂരുവില്‍ മലയാളി യുവതി സുനിത അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. സുനിതയുടെ മരണം വെറുമൊരു മരണമല്ലെന്നും, ലൈംഗികാതിക്രമ ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിനിടയില്‍ നടന്ന കൊലപാതകമാണെന്നും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താന്‍ കണ്ടുമുട്ടിയതില്‍ വെച്ച് ഏറ്റവും സ്‌നേഹമുള്ള സ്ത്രീയായിരുന്നു സുനിതയെന്നും അവരുടെ വിയോഗവാര്‍ത്ത അറിഞ്ഞതുമുതല്‍ കരച്ചില്‍ അടക്കാനാവുന്നില്ലെന്നും താരം പറഞ്ഞു.
മൃഗസ്‌നേഹിയും തെരുവ് നായ്ക്കളുടെ സംരക്ഷകയുമായിരുന്നു കൊല്ലപ്പെട്ട സുനിത. ഏകദേശം 167 നായ്ക്കളെയാണ് അവര്‍ സംരക്ഷിച്ചിരുന്നത്. ഈ നായ്ക്കളുടെ പരിചരണത്തിനും തന്റെ കുടുംബത്തെ പുലര്‍ത്തുന്നതിനും വേണ്ടിയാണ് ഷെല്‍ട്ടര്‍ ഹോം ഉടമയായ ദീപക് കൃഷ്ണ വാഗ്ദാനം ചെയ്ത ജോലി അവര്‍ സ്വീകരിച്ചത്. നായ്ക്കളെ സംരക്ഷിക്കുന്നതിനിടയില്‍ മുന്‍പും പലതവണ അവര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കത്തിക്കുത്തും ഗുരുതരമായ പൊള്ളലും വരെ അവര്‍ അതിജീവിച്ചിട്ടുണ്ടെന്നും പാര്‍വതി ഓര്‍മ്മിച്ചു. 'അവളുടെ ദയയുള്ള മനസ്സാണോ അവളെ കൊലപാതകത്തിലേക്ക് നയിച്ചത്? എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല' - പാര്‍വതി കുറിച്ചു. സംഭവത്തില്‍ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും അവര്‍ ചോദിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിലെ ഷെല്‍ട്ടര്‍ ഹോമില്‍ വെച്ച് ദീപക് കൃഷ്ണ സുനിതയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ സുനിതയെ ദീപക് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സുനിതയുടെ തല പിടിച്ച് ചുവരിലും അലമാരയിലും തുടര്‍ച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവര്‍ത്തിച്ച് ചവിട്ടിയെന്നും പോലീസ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ സുനിത വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്. സ്‌നേഹനിധിയായ ഭര്‍ത്താവും നാല് വയസ്സുള്ള മകനും അടങ്ങുന്നതാണ് സുനിതയുടെ കുടുംബം. ദീപക് കൃഷ്ണയ്ക്കെതിരെ കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.