ഗായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ചിന്മയി. എന്നാല്‍, മീടൂ ആരോപണം ഉന്നയിച്ചു രംഗത്തുവന്നതോടെ സിനിമാ രംഗത്തു നിന്നും കടുത്ത അവഗണനയാണ് ചിന്മയി നേരിടേണ്ടി വന്നത്. അപ്രഖ്യാപിത വിലക്കു തന്നെ അവര്‍ക്കെതിരെയുണ്ട്. നാല് വര്‍ഷത്തിനു ശേഷം വിജയ് നായകനായി എത്തുന്ന ലിയോയിലൂടെ ഡബ്ബിങ് രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിന്മയി. തൃഷയ്ക്ക് ശബ്ദം നല്‍കിക്കൊണ്ടാണ് താരത്തിന്റെ മടക്കം.
ലിയോ സംവിധായകന്‍ ലോകേഷ് കനകരാജിനും നിര്‍മ്മാതാവിനും നന്ദി പറഞ്ഞുകൊണ്ട് ചിന്മയി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ഈ നിലപാടെടുത്തതിന് ലോകേഷ് കനകരാജിനോടും ലളിതിനോടും നന്ദിയുണ്ട്. തൃഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ഞാനാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലും ഞാന്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. - എന്നാണ് ചിന്മയി കുറിച്ചത്.
ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് സാക്ഷാല്‍ തൃഷ തന്നെ പ്രതികരണവുമായെത്തി. ഇത് ആദ്യമായല്ല ചിന്മയി തൃഷയ്ക്ക് ശബ്ദം നല്‍കുന്നത്. വിണ്ണൈ താണ്ടി വരുവായാ, 96 എന്നീ ചിത്രങ്ങളില്‍ നടിയുടെ ശബ്ദമായത് ചിന്മയി ആയിരുന്നു. കവിയും ഗാനരചയിതാവുമായ വൈരമുത്തു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്.
2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു ആരോപണം. വൈരമുത്തുവിന് പുറമേ നടനും തമിഴിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് രാധാ രവിക്കെതിരേയും ചിന്മയി ശബ്ദമുയര്‍ത്തിയിരുന്നു. ഇതാണ് ചിന്മയിക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ വിലക്കേര്‍പ്പെടുത്താന്‍ കാരണം. വരിസംഖ്യ അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് അവരെ അന്ന് പുറത്താക്കിയത്.