നിവിന്‍ പോളി നായകനായി എത്തിയ പ്രേമത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നടിമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. മേരിയായി അനുപമ എത്തിയപ്പോള്‍ മലര്‍ മിസ്സായിട്ടാണ് സായ് പല്ലവി തിളങ്ങിയത്. ഇരുവരുടെയും കരിയര്‍ ബ്രേക്കായിരുന്നു പ്രേമം എന്ന ചിത്രം. നായകനായ നിവിന്‍ പോളിയുടെ പ്രണയിനികളായിട്ടാണ് ചിത്രത്തില്‍ ഇരുവരും എത്തിയത്. മലയാളത്തിലൂടെയാണ് എത്തിയതെങ്കിലും ഇരുവരും അന്യ ഭാഷയിലാണ് ഹിറ്റായത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമലോകത്തെ മുന്‍നിര താരമാണ് ഇരുവരും. എന്നാല്‍ മലയാളികള്‍ക്ക് ഇപ്പോഴും ഇവര്‍ മേരിയും മലരുമാണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്. ഇവര്‍ തമ്മിലുള്ള കോംബിനേഷന്‍ സീന്‍സ് ഒന്നും തന്നെ ചിത്രത്തില്‍ ഇല്ലായിരുന്നെങ്കിലും രണ്ടുപേരും തമ്മില്‍ നല്ല അടുപത്തിലാണെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
അനുപമയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ആരെങ്കിലും മലരിനേയും മേരിയേയും ഓര്‍മിക്കുന്നുണ്ടോ? നിന്നെ സ്‌നേഹിക്കുന്നു. എപ്പോഴും സ്‌നേഹിക്കും. ആരാധികയുമാണ്- അനുപമ കുറിച്ചു. ഹാപ്പി മോണിങ് ഹാപ്പി സണ്‍ഡേ എന്ന ഹാഷ്ടാഗിലാണ് ചിത്രം. അനുപമയുടെ സ്‌നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി. ഞാനും നിന്നെ സ്‌നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്.