മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന സിനിമയുടെ മുംബൈയില്‍ നടന്ന സംഗീത വിരുന്നില്‍ വികാരാധീനനായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. 'ഏക് ദിന്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആമിര്‍ ഖാന്‍ നിയന്ത്രണം വിട്ട് കരഞ്ഞത്. ജുനൈദിനും ചിത്രത്തിലെ നായിക സായ് പല്ലവിക്കുമൊപ്പമാണ് ആമിര്‍ ഇരുന്നിരുന്നത്. പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കെ കണ്ണീര്‍ വാര്‍ത്ത ആമിറിനെ സായ് പല്ലവി സംസാരിച്ച് ആശ്വസിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിതാവിനെ ചേര്‍ത്തുപിടിച്ച് ജുനൈദും ആശ്വാസമേകി.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സായ് പല്ലവി അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'ഏക് ദിന്‍' എന്ന സിനിമയ്ക്കുണ്ട്. ലജ്ജാലുവായ ഒരു യുവാവിന് തന്റെ സഹപ്രവര്‍ത്തകയോട് തോന്നുന്ന തീവ്രമായ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ജപ്പാനില്‍ വെച്ച് നായികയ്ക്ക് സംഭവിക്കുന്ന ഒരപകടവും തുടര്‍ന്നുണ്ടാകുന്ന 'ട്രാന്‍സിയന്റ് ഗ്ലോബല്‍ അംനേഷ്യ' (TGA) എന്ന സങ്കീര്‍ണ്ണമായ അവസ്ഥയുമാണ് ചിത്രത്തെ വഴിതിരിച്ചുവിടുന്നത്. തന്റെ ജീവന്‍ രക്ഷിച്ച നായകനെ മാത്രം ഓര്‍മ്മിക്കുന്ന നായികയിലൂടെ പ്രണയത്തിന്റെ പുതിയ തലങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ആമിര്‍ ഖാന്റെ ദീര്‍ഘകാല സഹായിയായിരുന്ന സുനില്‍ പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാനും മന്‍സൂര്‍ ഖാനും നിര്‍മ്മാതാക്കളായി വീണ്ടും കൈകോര്‍ക്കുന്നു എന്നതും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. 'ഖയാമത്ത് സേ ഖയാമത്ത് തക്', 'ജോ ജീതാ വോഹി സിക്കന്ദര്‍' തുടങ്ങിയ ക്ലാസിക് സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.