Latest News

'ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ 'അപൂര്‍വ്വ സുന്ദരികള്‍', ഇന്ത്യയില്‍ അങ്ങനെയല്ല'; സ്മിത പാട്ടീലിനെക്കാള്‍ സുന്ദരിയായ മറ്റൊരു നടിയെ കണ്ടിട്ടില്ല; സൗന്ദര്യ സങ്കല്പങ്ങള്‍ക്കെതിരെ തുറന്നടിച്ച് നവാസുദ്ദീന്‍ സിദ്ദിഖി 

Malayalilife
 'ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ 'അപൂര്‍വ്വ സുന്ദരികള്‍', ഇന്ത്യയില്‍ അങ്ങനെയല്ല'; സ്മിത പാട്ടീലിനെക്കാള്‍ സുന്ദരിയായ മറ്റൊരു നടിയെ കണ്ടിട്ടില്ല; സൗന്ദര്യ സങ്കല്പങ്ങള്‍ക്കെതിരെ തുറന്നടിച്ച് നവാസുദ്ദീന്‍ സിദ്ദിഖി 

ബോളിവുഡിലെ നിറവിവേചനത്തിനും സൗന്ദര്യ സങ്കല്പങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. കഴിവുള്ളവരേക്കാള്‍ നിറമുള്ളവര്‍ക്ക് അവസരം നല്‍കുന്ന രീതി സിനിമാ വ്യവസായത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ കഥകള്‍ രൂപപ്പെടുത്തുന്നതില്‍ പോലും നിറം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

'നിങ്ങള്‍ ഒരു പാറ്റയെ കൊന്നാല്‍ ആളുകള്‍ നിങ്ങളെ അഭിനന്ദിക്കും. എന്നാല്‍ ഒരു ചിത്രശലഭത്തെയാണ് കൊല്ലുന്നതെങ്കില്‍ അവര്‍ നിങ്ങളെ ചോദ്യം ചെയ്യും. ഇത്തരമൊരു പക്ഷപാതം എല്ലാ മേഖലയിലുമുണ്ട്. സൗന്ദര്യം എന്താണെന്ന് ആരും ആരെയും പഠിപ്പിക്കേണ്ടതില്ല, അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. പക്ഷേ ആ വിവേചനം സിനിമാ സംവിധാനത്തിന്റെ ഭാഗമാകരുത്. വെളുത്ത നിറമുള്ള പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് മിക്ക കഥകളും എഴുതപ്പെടുന്നത്. ഇരുണ്ട നിറമുള്ളവര്‍ക്ക് മുഖ്യവേഷങ്ങള്‍ നല്‍കാന്‍ പലരും തയ്യാറല്ല. പലരും ഈ വിവേചനത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ്,' സിദ്ദിഖി പറഞ്ഞു. 

ഇന്ത്യയില്‍ ഇരുണ്ട നിറമുള്ള പെണ്‍കുട്ടികളെ 'ശരാശരി' എന്ന് മുദ്രകുത്തുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ അവര്‍ 'അപൂര്‍വ്വ സുന്ദരികളായി' വാഴ്ത്തപ്പെടുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. അന്തരിച്ച നടി സ്മിത പാട്ടീലിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. 'ക്യാമറ ഒപ്പിയെടുക്കുന്ന സൗന്ദര്യം വേറിട്ട ഒന്നാണ്. സ്മിത പാട്ടീലിനെക്കാള്‍ സുന്ദരിയായ മറ്റൊരു നടിയെ ഞാന്‍ കണ്ടിട്ടില്ല. ക്യാമറ ഒരിക്കലും ആരെയും വിവേചനത്തോടെ കാണുന്നില്ല. ആ തനിമ ഒപ്പിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്.' - നവാസുദ്ദീന്‍ സിദ്ദിഖി. 

സോഹം ഷായ്ക്കൊപ്പം 'തുമ്പാട് 2' ആണ് നവാസുദ്ദീന്‍ സിദ്ദിഖിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. നവനീത് സിംഗ് സംവിധാനം ചെയ്യുന്ന 'നൂറാനി ചെഹ്റ'യാണ് മറ്റൊരു സിനിമ. സൊണാലി സെയ്ഗല്‍, ജാസി ഗില്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ്

nawazuddin siddique

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES