മമ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് നടി പങ്കുവെച്ച കുറിപ്പാണ്. തന്റെ വര്‍ഷപൂജ കഴിഞ്ഞിട്ട് 10 വര്‍ഷമായെന്ന് അഞ്ജലി പറയുന്നു.
അഞ്ജലിയുടെ വാക്കുകളിലൂടെ ...
ഞങ്ങളുടെ വര്‍ഷ പൂജാദിവസം.10 വര്‍ഷം മുമ്ബ് ഞാന്‍ ഈ തീരുമാനമെടുക്കുമ്പോള്‍ ഇന്നത്തെ പോലെ സാങ്കേതികമായ വളര്‍ച്ചയോ സാമൂഹികമായ പിന്തുണയോ ഉണ്ടായിരുന്നില്ല. ശരീരം കീറിമുറിക്കപ്പെടുമ്പോഴുണ്ടായ വേദന സഹിക്കാന്‍ എനിക്ക് ശക്തി പകര്‍ന്നത് ചുറ്റിലും കൂടിനിന്ന് പരിഹസിച്ചവരോടും കളിയാക്കിയവരോടുമുള്ള പ്രതികാര ബുദ്ധിയായിരുന്നു. എന്റെ ഇഷ്ടത്തിനൊത്ത് ഞാന്‍ ജീവിച്ചു കാണിക്കുമെന്ന് മനസ്സില്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു.
ഇന്ന് ഞാന്‍ പൂര്‍ണ സന്തോഷവതിയാണ്. കടന്നു വന്ന വേദനകളുടെ നാളുകളെ ഒരിക്കലും മറക്കാനാകില്ല. പ്രിയപെട്ട അനന്യയെ പോലെ അവസാനിപ്പിക്കാന്‍ പോലും തോന്നിയ നിമിഷങ്ങള്‍, പ്രാണന്‍ പിടയുന്ന വേദന, ഒന്നും ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല. യൂറിനറി ഇന്‍ഫക്ഷന്റെ അസഹ്യമായ വേദനയും മൂത്രതടസ്സം മാറ്റാനുള്ള സൂചി പ്രയോഗവും ഒന്നും ഓര്‍മ്മകളെ കുത്തിനോവിപ്പിക്കാത്ത രാത്രികളില്ല.
ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ഇപ്പോഴും തുടരുകയാണ്. എന്ത് ത്യാഗം സഹിച്ചും ഈ ശരീരം ഇതുപോലെ നിലനിര്‍ത്തേണ്ടത് എന്റെ ആവശ്യമാണ്. മനസ്സും ശരീരവും രണ്ട് ദിശകളിലായിരുന്ന കെട്ടകാലത്തിന്റെ ഓര്‍മ്മകളെ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല അതിലും ഭേദം വേദനിക്കുമെങ്കിലും ഈ ശരീരം തന്നെയാണ്. അനന്യയുടെ മരണസമയത്ത് ട്രാന്‍സ് കമ്യുണിറ്റിക്ക് സര്‍ക്കാര്‍ ചില ഓഫറുകള്‍ നല്‍കിയിരുന്നു. അതൊന്നും നടപ്പായിട്ടില്ല. സര്‍ക്കാരില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു സമൂഹത്തെ ഇനിയും തെരുവില്‍ നിര്‍ത്തരുത്.