കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ഒന്നടങ്കം പ്രാര്‍ത്ഥിച്ചത് ഒരു കുരുന്നിന്റെ ജീവനു വേണ്ടിയായിരുന്നു. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരതകള്‍ക്ക് പാത്രമാകേണ്ടി വന്ന ഏഴുവയസ്സുകാരനായിരുന്നു ഏവരുടെയും ഉളളില്‍ നീറിയിരുന്നത്. കൊടുംക്രൂരതകള്‍ക്കൊടുവില്‍ അവന്‍ വേദനകളില്ലാത്ത; ലോകത്തേക്ക് യാത്രയായപ്പോള്‍ കണ്ണീരോടെ അവന് വിട പറഞ്ഞു. നിരവധി കുറിപ്പുകളും ലേഖനങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കണ്ണീരോടെയല്ലാതെ ആ കുരുന്ന് അനുഭവിച്ച പീഡനവും വേദനയും വായിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. കുട്ടിയെ ക്രൂരമായി ആക്രമിച്ച പ്രതി അരുണ്‍ ആനന്ദിനെപ്പോലെ തന്നെ ആ ഏഴുവയസ്സുകാരനെ ഈ മൃഗത്തിന് മുന്നിലേക്ക് എറിഞ്ഞ കൊടുത്ത ആ അമ്മയും ഒരു പോലെ കുറ്റക്കാരാണെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു.രക്ഷപ്പെടാമായിരുന്നിട്ടും ആശുപത്രിയില്‍ എത്തിക്കും വരെ അരുണിനെ ഒറ്റുകൊടുക്കാത്ത പ്രവര്‍ത്തിയെ ഒന്നു കൊണ്ടും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഈ നരകയാതന അനുഭവിപ്പിച്ച് എന്തിനു ആ കുഞ്ഞിനെ കൊന്നു, കൊല്ലാതെ ഞങ്ങള്‍ക്കു തന്നു കൂടായിരുന്നോ എന്നും വേദനയോടെ ചോദിക്കുന്നവരും ഉണ്ട്.
മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ക്രൂരകൊലപാതകത്തെക്കുറിച്ചും ഇരയായ കുഞ്ഞിനെക്കുറിച്ചും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സിനിമാതാരം അഞ്ജലി അമീര്‍. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്. ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട, ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം. ഇതായിരുന്നു അഞ്ജലിയുടെ വാക്കുകള്‍. വികാര നിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
മാര്‍ച്ച് 28-നാണ് തൊടുപുഴയില്‍ നടന്ന കൊടുംക്രൂരതയുടെ കഥ നാടറിയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയില്‍ ഏഴുവയസ്സുകാരനെ കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീണുപരിക്കേറ്റെന്നായിരുന്നു അവര്‍ പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. മുറിവ് ഭീകരമായിരുന്നു. തലയോട്ടിയില്‍ വലിയ പൊട്ടലുണ്ടായിരുന്നു. തലച്ചോര്‍ പുറത്ത് വന്ന നിലയിലായിരുന്നു. അതിനാല്‍ത്തന്നെ വീണ് മുറിവേറ്റതാണെന്ന കഥ ഡോക്ടര്‍മാര്‍ വിശ്വസിച്ചില്ല. വിവരം പോലീസിനെ അറിയിച്ചു.
പോലീസെത്തി കാര്യം തിരക്കിയപ്പോള്‍ യുവതിയും സുഹൃത്ത് അരുണ്‍ ആനന്ദും പറഞ്ഞതില്‍ പൊരുത്തക്കേടു തോന്നി. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അരുണ്‍ കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയതാണെന്ന വിവരം പുറത്ത് വരുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന ഇളയ കുട്ടിയുടെ മൊഴി നിര്‍ണായകമായി. പത്ത് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി ഏപ്രില്‍ 6 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ക്രൂരതകള്‍ക്കൊടുവിലെ ഏഴുവയസ്സുകാരന്റെ വിയോഗത്തില്‍ പ്രതി അരുണ്‍ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമെന്നാണ് ഏല്ലാവരുടെയും അഭിപ്രായം.കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.