മോഡലും അഭിനേത്രിയുയി മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കൽ പറയുന്നു. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചതെന്നും തങ്ങളുടെ ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണിതെന്നും താരം വെളിപ്പെടുത്തി.
ഞങ്ങള്‍ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്‌നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചത്. സിനിമയില്‍ ആഭ്യന്തരപ്രശ്‌ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതില്‍ അഭിമാനമുണ്ടെന്നും റിമ പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണത്. നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്‌ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്എന്നായിരുന്നു റിമ മാധ്യമങ്ങളോട് പറഞ്ഞത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാർവതി തെരുവോത്ത് തുറന്നടിച്ചു.