മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിർഭാഗ്യകരമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അതിജീവിതയ്ക്ക് ആശങ്ക പങ്ക് വയ്ക്കാൻ കാത്തിരിക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞ റിമ അതോടൊപ്പം തന്നെ താനും ആഷിഖും നിലവിൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലല്ലോ എന്ന കോൺഗ്രസിന്‍റെ പരാതിയിലും മറുപടി നല്‍കി. തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്‍റെ ആശങ്ക പങ്ക് വയ്ക്കുന്നത്. ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു തങ്ങളെന്ന് നടി പറഞ്ഞു.
കേസിന്‍റെ കാര്യത്തിൽ ആശങ്കയുണ്ട്. അഞ്ച് കൊല്ലമായി ഇതിന്‍റെ പിറകെ നടക്കുകയല്ലേ എന്ന് പറഞ്ഞ റിമ, വിഷയത്തെ രാഷ്ടീയ വത്കരിക്കേണ്ടതില്ല. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എക്കാലവും നിലനിന്നിരുന്നു. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ പറഞ്ഞു.
അതോടൊപ്പം തന്നെ നടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്‍റെ പരാമർശത്തോടും റിമ കല്ലിങ്കൽ പ്രതികരിച്ചു. അത്രയും തരം താഴാൻ താനില്ലെന്നായിരുന്നു റിമയുടെ പ്രതികരണം. നടൻ സിദ്ദിഖ് നടത്തിയത് തൃക്കാക്കര പോളിംഗ് ദിനത്തിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമർശനമാണ്. അതിജീവിതയെക്കുറിച്ചുള്ള ചോദ്യത്തിന്, അതിന് അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്‍റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം.