മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. അതേസമയം താരം ഇപ്പോൾ വിജയിയുടെ നായികയായ ശേഷം ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ച് നാണംകെട്ടു എന്ന് തുറന്ന് പറയുകയാണ്.
'പാർവതി പരിണയത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിജയ് സിനമയിൽ അവസരം ലഭിച്ചത്. അവിടെ ചെന്നപ്പോൾ വിജയിയും സിനിമയിലെ പുതുമുഖമായിരുന്നു. എനിക്കും തമിഴ് വശമില്ലായിരുന്നു. പോരാത്തതിന് ആദ്യ തമിഴ് സിനിമയും ആയിരുന്നു. അന്ന് നടി സംഗീതയാണ് എനിക്ക് വേണ്ടി തമിഴിൽ കാര്യങ്ങൾ സംസാരിച്ചിരുന്നത്. പൂവെ ഉനക്കാഗെ കണ്ടിട്ടാണ് രജനികാന്ത് സിനിമയായ അരുണാചലത്തിൽ അദ്ദേഹത്തിന്റെ സഹോദരി വേഷം ചെയ്യാൻ അവസരം ലഭിച്ചത്. മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നതിനാൽ അരുണാചലത്തിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറയാൻ ഞാൻ പോയിരുന്നു.'
'അവിടെ ചെന്ന് രജനി സാറിനെ കണ്ട് സംസാരിച്ച ഞാൻ അദ്ദേഹം കഥാപാത്രത്തെ കുറിച്ച് വിവരിച്ചപ്പോൾ അറിയാതെ ഓക്കെ പറഞ്ഞു. പക്ഷെ അരുണാചലവും എന്റെ സിനിമാ ജീവിതത്തിൽ വലിയ വഴിത്തിരിവായി. പൂവെ ഉനക്കാഗെ കഴിഞ്ഞ ശേഷം ഒരിക്കൽ ഞാൻ ചെന്നൈയിൽ പോയപ്പോൾ നാണംകെട്ട സംഭവം ഇപ്പോഴും ഞാൻ ഓർത്ത് ചിരിക്കും. ചെന്നൈ റെയിൽവെ സ്റ്റേഷനിൽ പോകുന്നവർക്ക് അറിയാം അവിടുത്തെ പോർട്ടർ നമ്മൾ ചെന്ന് ഇറങ്ങുമ്പോൾ തന്നെ ബാഗ് എടുക്കാൻ ഓടിവരും. പിന്നെ വലിയ കൂലിയും ചോദിക്കും. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് ഞാൻ ട്രെയിൻ ഇറങ്ങിയപ്പോൾ തന്നെ അവരെ തടയണം എന്ന് വിചാരിച്ചിരുന്നു. ഞാൻ ട്രെയിൻ ഇറങ്ങിയപ്പോൾ കുറേപ്പേർ ഓടിവന്നു. ഞാൻ വിചാരിച്ചു പോർട്ടർമാരാണെന്ന്. ഉടനെ ഞാൻ അവരോട് പറഞ്ഞു ആരും എന്റെ ബാഗിൽ തൊടരുത്. ഉടനെ അവർ എന്നോട് പറഞ്ഞു. ഞങ്ങൾ അതിന് വന്നതല്ല. പൂവെ ഉനക്കാഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാൻ വന്നതാണെന്ന് എന്നോട് പറഞ്ഞു.'
'അവർ അത് പറഞ്ഞപ്പോൾ ഞാൻ ചമ്മിപ്പോയി. ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല. ഇന്നും തമിഴ്നാട്ടിൽ ചെന്നാൽ എല്ലാവർക്കും സ്നേഹമാണ്. രജനിസാറിന്റെ പെങ്ങൾ വിജയി പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത് പോലും. ഇപ്പോൾ ബിബിൻ ജോർജും സനുഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മരതകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ഇതുവരെ ഞാൻ ചെയ്യാത്ത കഥാപാത്രമാണ് മരതകത്തിലേത്. യൂത്തിനൊപ്പം സിനിമ ചെയ്തപ്പോൾ എങ്ങനെയാണ് അവർക്കൊപ്പം അഭിനയിക്കുക എങ്ങനെയാണ് സൗഹൃദം കൊണ്ടുപോകുക എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ മരതകം സിനിമയിലും സെറ്റിലും എനിക്ക് ഒരുപാട് സന്തോഷം ലഭിച്ചു. ഞാൻ ആസ്വദിച്ചാണ് സിനിമ ചെയ്തത്.'