ഇന്നലെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായത് പിണറായി വിജയനായുള്ള മോഹൻലാലിന്റെ മേക്ക് ഓവർ ചിത്രങ്ങളായിരുന്നു. ശ്രീകുമാർ മേനോൻ സംവിധായകനാകുന്ന കോംറേഡ് എന്ന ചിത്രത്തിലെ പോസ്റ്ററെന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.
ദി കോംറേഡ് (സഖാവ്) എന്ന പോസ്റ്ററാണ് സോഷ്യൽ മീഡീയയിൽ പ്രചരിക്കുന്നത്. ഹരികൃഷ്ണൻ എഴുതി വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്നു എന്ന തസിനിമ പോസ്റ്ററിലാണ് മോഹൻലാലിന്റെ പിണറായി മേക്ക് ഓവർ. എന്നാൽ ഇത്തരത്തിൽ ഒരു സിനിമ ആരും പ്രഖ്യാപിച്ചിട്ടില്ല. വാർത്ത വൈറലായതോടെ ശ്രീകുമാർ മേനോനും വാർത്ത നിഷേധിച്ച് രംഗത്തെത്തി.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാർ മേനോൻ പ്രതികരണവുമായി രംഗത്തെത്തിയത്.
'ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാലിനെ നായകനാക്കി കോംറേഡ് എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രോജക്ടുകളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. കോംറേഡ് എന്ന ഈ പ്രൊജക്ട് വളരെ മുൻപ് ആലോചിച്ചതാണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ്റ് സ്‌കെച്ചുകൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർത്ഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും എത്തിക്‌സിന് നിരക്കാത്ത പ്രവർത്തിയായി പോയി'-ശ്രീകുമാർ മേനോന്റെ കുറിപ്പിൽ പറയുന്നു
മുൻപ് ഇതേ രൂപത്തിൽ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടിരുന്നു. സാനി യാസ് എന്ന കലാകാരൻ ആയിരുന്നു ആത് നിർമ്മിച്ചത്. സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റർ ഡിസൈനിങ് പ്രതിഭ കൊണ്ട് ഏറെ പ്രശസ്തനാണ് സാനിയാസ്.മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും ഫിദൽ കാസ്ട്രോ ആയി ചിത്രീകരിച്ച സാനി യാസിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയ വൈറൽ ആയിരുന്നു.