മലയാള സിനിമ നിര്‍മ്മാണ മേഖല എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ആശിര്‍വാദ് സിനിമയും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവുമുണ്ട്.ആന്റണി പെരുമ്പാവൂര്‍ എന്ന പേര് മലയാള സിനിമയ്ക്ക് അത്രക്ക് ഒഴിച്ചുക്കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. എന്നാല്‍ ഈ പേര് എന്നും കൂട്ടി വായിക്കുന്നത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിനൊപ്പമാണ്. 28 വര്‍ഷമായി മോഹന്‍ലാലിന്റെ സന്തത സഹചാരി എന്ന നിലയില്‍ ഏവര്‍ക്കും ആന്റണി പെരുമ്പാവൂരിനെ അറിയാം. എന്നാല്‍ കുറച്ച് ദിവസത്തേയ്ക്ക് സൂപ്പര്‍ സ്റ്റാറിന്റെ ഡ്രൈവറായി എത്തിയ ആന്റണി എങ്ങനെ ലാലേട്ടന്റെ ഏറ്റവും അടുത്ത വ്യക്തിയായെന്ന കഥ ആന്റണി തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ അടുത്ത് എത്തിയ കഥ ആന്റണി തുറന്ന് പറഞ്ഞിരിക്കുന്നത്. 1987ല്‍ പട്ടണപ്രവേശം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ സെറ്റില്‍ ഡ്രൈവറായി എത്തിയതാണ് താന്‍, സെറ്റില്‍ എത്തിയപ്പോഴാണ് മോഹന്‍ലാലിന്റെ ഡ്രൈവറാണ് എന്ന് മനസിലായത്. തുടര്‍ന്ന് 22 ദിവസം നീണ്ട ഷൂട്ടിങില്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി. ഇതിനിടെ മോഹന്‍ലാല്‍ വീട്ടുകാര്യങ്ങള്‍ വരെ ചോദിച്ചറിഞ്ഞിരുന്നു. ഷൂട്ടിങ് അവസാനിച്ചതോടെ ഡ്രൈവര്‍ ജോലിയും തീര്‍ന്നു താന്‍ നാട്ടില്‍ തിരിച്ചെത്തി ലാലേട്ടന്റെ ഡ്രൈവറായിരുന്നെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് ലാലിനെ കാണാന്‍പോലും സാധിക്കും എന്ന് വിചാരിച്ചില്ല.
പിന്നീട് അമ്പലമുകളില്‍ ഒരിക്കെ മൂന്നാം മുറയുടെ ഷൂട്ടിങ് നടന്നപ്പോള്‍ സുഹൃത്തുക്കളുമായി കാണാന്‍പോയി. ആള്‍ക്കൂട്ടത്തിനിടെ മോഹന്‍ലാല്‍ തന്നെ കൈവീശി കാണിച്ചു. ഷൂട്ടിങ് കഴിഞ്ഞ് നേരിട്ടെത്തി സംസാരിച്ചു. കാറുമായി വരാന്‍ പറഞ്ഞു. അതാണ് തുടക്കം എന്ന് തന്നെ പറയാം. അങ്ങനെ മൂന്നാം മുറയുടെ സെറ്റിലും താന്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി ഇതിനിടെ ഒരു ദിവസം തന്നോട് കൂടെ ചേരുന്നോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഒന്നും നോക്കാതെ സമ്മതം മൂളി കൂടെ ചേര്‍ന്നു. പിന്നീടുള്ള തന്റെ ജീവിതം സ്വപ്നം കണ്ടതിലുമൊക്കെ ഏറെ മുകളിലായിരുന്നു എന്നു ആന്റണി പറയുന്നു.
ഇന്ന് മലയാള സിനിമയില്‍ ഏറെ സ്വാധീനമുളള വ്യക്തിയായി. മോഹന്‍ലാലിന്റെ ജീവിതത്തിലും ബിസിനസ്സിലും ആഭിപ്രായം പറയാനുള്ള സ്ഥാനം നേടി. നരംസിംഹം, രാവണപ്രഭു, നരന്‍, ദൃശ്യം, ഒപ്പം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ താന്‍ ഇനി പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നും വെളിപ്പെടുത്തുന്നു.