കോടതി പക്ഷപാതപരമായി പെരുമാറുന്നു; വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായി: കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി

Malayalilife
topbanner
കോടതി പക്ഷപാതപരമായി പെരുമാറുന്നു; വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായി: കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി

കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച കേസാണ് നടിയെ ആക്രമിച്ച കേസ്. സിനിമയില്‍ അതിപ്രശസ്തയായ നടിയെ വൈരാഗ്യത്തിന്റെ പേരില്‍ ക്വട്ടേഷന്‍ നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ തുടരുകയാണ്. കേസില്‍ പ്രതിയാണ് നടന്‍ ദിലീപും. ഇപ്പോള്‍ തന്നെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഇര ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസിന്റെ വിചാരണ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നു മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ നേരത്തെ വിചാരണ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതുവരെ വിചാരണ മാറ്റിവെക്കണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി തള്ളി.

ഈ ഹര്‍ജി തള്ളിയതിനു ശേഷമാണ് കേസിലെ ഇരയായ നടി ഇതേ ആവശ്യമുന്നിയിച്ചു ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായി. എന്നാല്‍ ഇതില്‍ കോടതി ഇടപെട്ടില്ലെന്ന് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയില്ല. നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്. എന്നാല്‍ ഇവരെ കോടതി നിയന്ത്രിച്ചില്ല.

വിചാരണയ്ക്കിടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷനെയും അവഹേളിക്കുന്ന വിധം ന്യായാധിപ സംസാരിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഇരുവര്‍ക്കുമെതിരെ ഉന്നയിച്ചു. കോടതിയിലെത്തിയ ഊമക്കത്ത് വിചാരണ വേളയില്‍ ജഡ്ജി വായിച്ചെന്നും പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സമയത്താണ് ഇത് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ ഏഴാം സാക്ഷിയായ നടി തന്നോട് പറഞ്ഞതായും ആക്രമിക്കപ്പെട്ട നടി വിശദീകരിക്കുന്നു. ഈ കോടതിയില്‍ വിചാരണ നടന്നാല്‍ നടിക്ക് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. 

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ വിചാരണ ഇന്‍ക്യാമറ ആക്കണമെന്നും കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കുകയും ചെയ്തെന്നും ഉന്നയിച്ചിട്ടുണ്ട്. പ്രസ്തുത ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. കേസിന്റെ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക കോടതി തള്ളുകയായിരുന്നു.
 

Malayalam film actress in abduction case wants to change court

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES