Latest News

കാരവാനിലേക്ക് അതിക്രമിച്ച് കയറി; പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടി; കൂട്ടുകാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒത്തുതീര്‍പ്പിന് നിന്നില്ല; പോലീസു കാരന്റെ ഉറച്ച നിലപാടും ഉപദേശവും നിര്‍ണ്ണായകമായി; ജനുവരിയില്‍ കാരവാനില്‍ വെച്ച് നടന്ന പീഡനശ്രമത്തില്‍ രഞ്ജിത്തിന് വിനയാകുന്നത് നടിയുടെ ഉറച്ച മനസ്സ് 

Malayalilife
 കാരവാനിലേക്ക് അതിക്രമിച്ച് കയറി; പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടി; കൂട്ടുകാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒത്തുതീര്‍പ്പിന് നിന്നില്ല; പോലീസു കാരന്റെ ഉറച്ച നിലപാടും ഉപദേശവും നിര്‍ണ്ണായകമായി; ജനുവരിയില്‍ കാരവാനില്‍ വെച്ച് നടന്ന പീഡനശ്രമത്തില്‍ രഞ്ജിത്തിന് വിനയാകുന്നത് നടിയുടെ ഉറച്ച മനസ്സ് 

സിനിമാ സെറ്റിലെ അധികാര ഗര്‍വുകള്‍ക്കും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും വഴങ്ങാതെ നീതിക്കായി പോരാടാന്‍ യുവനടിക്ക് കരുത്തായത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഉറച്ച നിലപാടും ഉപദേശവും. ജനുവരിയില്‍ കാരവാനില്‍ വെച്ച് നടന്ന പീഡനശ്രമത്തില്‍ അന്ധാളിച്ചുപോയ നടിയെ നിയമപോരാട്ടത്തിന് പ്രേരിപ്പിച്ചത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ജനുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവാനിലേക്ക് അതിക്രമിച്ചു കയറിയ അദ്ദേഹം നടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ നീക്കത്തില്‍ ഭയന്നോടിയ നടി വലിയ മാനസികാഘാതത്തിലായി. മാസങ്ങളോളം നീണ്ട കൗണ്‍സിലിംഗിലൂടെയാണ് അവര്‍ സാധാരണ നിലയിലേക്ക് മടങ്ങി വന്നത്. സംഭവം നടന്നയുടന്‍ സിനിമയിലെ ആഭ്യന്തര സമിതിയെ നടി സമീപിച്ചിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. ഇതിനിടെ രഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ വഴി ഒത്തുതീര്‍പ്പ് ശ്രമങ്ങളും സജീവമായിരുന്നു. 

എന്നാല്‍ ഈ ഘട്ടത്തിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നടിയെ നേരില്‍ കാണുകയും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കുകയും ചെയ്തത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ഉദ്യോഗസ്ഥന്റെ നിലപാട് നടിയുടെ തീരുമാനത്തില്‍ നിര്‍ണ്ണായകമായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. 

ഇടത് സഹയാത്രികന്‍ കൂടിയായ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം അതീവ രഹസ്യമായാണ് പോലീസ് നടത്തിയത്. ചൊവ്വാഴ്ച രാത്രി തൊടുപുഴയില്‍ വെച്ച് രഞ്ജിത്തിന്റെ കാര്‍ തടഞ്ഞ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന രഞ്ജിത്തിനെ രാത്രി 12 മണിയോടെ കൊച്ചിയിലെത്തിച്ചു. ചുമത്തിയ വകുപ്പുകള്‍: മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, തടഞ്ഞുവെക്കല്‍, അശ്ലീല ആംഗ്യം കാണിക്കല്‍. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയായതിനാല്‍ രഞ്ജിത്തിന് നിലവില്‍ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. 

വൈദ്യപരിശോധനയില്‍ ഇസിജിയിലും രക്തസമ്മര്‍ദ്ദത്തിലും വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഗൗരവമായി കാണുന്ന പോലീസ്, ആവശ്യമായ ചികില്‍സ ഉറപ്പാക്കിയ ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. നേരത്തെ ബംഗാളി നടിയും കോഴിക്കോട് സ്വദേശിയായ യുവാവും നല്‍കിയ പീഡന പരാതികളില്‍ രഞ്ജിത്തിന് നിയമപരമായ ആശ്വാസം ലഭിച്ചിരുന്നെങ്കിലും, പുതിയ പരാതിയില്‍ പോലീസിന്റെ കൃത്യമായ നീക്കങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുകയാണ്. സിനിമയിലെ ആഭ്യന്തര സംവിധാനങ്ങള്‍ പരാജയപ്പെട്ടിടത്ത്, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ക്രിയാത്മകമായ ഇടപെടല്‍ അതിജീവിതയ്ക്ക് നീതിയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്.

Read more topics: # രഞ്ജിത്ത്
Malayalam director Ranjith arrested over sexual harassment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES