തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയയായ താരമാണ് മാളവിക മോഹൻ. അഴഗപ്പൻ സംവിധാനം ചെയ്ത ദുൽഖർ ചിത്രം പട്ടം പോലെയിലൂടെ മലയാളത്തിലും അരങ്ങേറിയ നടിക്ക് നേരെ ഇപ്പോൾ സോഷ്യൽമീഡിയയിൽ വിമർശനം ഉയരുകയാണ്.തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരുചിത്രമാണ് മാളവികയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിന് കാരണം. ഇൻസ്റ്റഗ്രാമി പോസ്റ്റ് ചെയ്ത മാളവികയുടെ ഗ്ലാമർ ചിത്രത്തിന് താഴെയായി വസ്ത്രധാരണത്തെ കുറിച്ചുള്ള വിമർശനങ്ങളും അശ്ലീല കമന്റുകളും നിറഞ്ഞു.
എന്നാൽ ആ വിമർശനങ്ങൾക്ക് മാളവിക മറുപടി കൊടുത്ത രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അശ്ലീലച്ചുവയുള്ള കമന്റുകളും വിമർശനങ്ങളും ഒന്നും തന്നെ ബാധിക്കില്ലെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നും മാളവിക മോഹൻ പറയുന്നു.
ഹാഫ് ജീൻസിൽ, ഗ്ലാമർ ലുക്കിൽ കസേരയിൽ ഇരിക്കുന്ന തന്റെ ചിത്രം മാളവിക സോഷ്യൽ മീഡിയയിൽ പങ്കു വച്ചതാണ് വിമർശനത്തിനു കാരണമായത്. എന്നാൽ അതിന് മാളവിക കൊടുത്ത മറുപടി അതേ ഗെറ്റപ്പിലെ മറ്റൊരു ചിത്രം കൂടി ഷെയർ ചെയ്യുക എന്നതായിരുന്നു.
ആദ്യ ചിത്രത്തിന് മോശം കമന്റുകളുമായി രംഗത്തു വന്നവർ ഇത്തരമൊരു നീക്കം തീരെ പ്രതീക്ഷിച്ചിരുന്നില്ല
'മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാനിവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കും,''എന്ന അടിക്കുറിപ്പോടെ അതേ വസ്ത്രത്തിലുള്ള മറ്റൊരു ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് വിമർശകർക്ക് മാളവിക മറുപടി നൽകിയത്.
നടിമാരായ പാർവതിയും സ്രിന്ദയും അടക്കം നിരവധി പേരാണ് മാളവികയെ പിന്തുണച്ച് രംഗത്തു വന്നിരിക്കുന്നത്.