Latest News

താലി ചാര്‍ത്തും മുന്‍പ് മണ്ഡപത്തിലിരുന്ന് പൊട്ടിക്കരഞ്ഞ് വരന്‍, ചിരിയോടെ വധു; മകളുടെ കല്യാണച്ചിത്രങ്ങള്‍ പങ്കുവെച്ച് ഖുശ്ബു; ഗോവന്‍ ആഡംബര വേദിയിലെ ആ കാഴ്ച വൈറല്‍ 

Malayalilife
 താലി ചാര്‍ത്തും മുന്‍പ് മണ്ഡപത്തിലിരുന്ന് പൊട്ടിക്കരഞ്ഞ് വരന്‍, ചിരിയോടെ വധു; മകളുടെ കല്യാണച്ചിത്രങ്ങള്‍ പങ്കുവെച്ച് ഖുശ്ബു; ഗോവന്‍ ആഡംബര വേദിയിലെ ആ കാഴ്ച വൈറല്‍ 

നടി ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അവന്തികയുടെ വിവാഹവേദിയില്‍ നിന്നുള്ള വൈകാരികമായ ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗോവയില്‍ നടന്ന ആഡംബര വിവാഹച്ചടങ്ങിനിടെ, താലി കെട്ടുന്നതിന് തൊട്ടുമുന്‍പ് വിതുമ്പിക്കരയുന്ന വരന്‍ ശ്രാവണ്‍ ശ്രീനിവാസിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹസമയത്ത് വധു വൈകാരികമായി പ്രതികരിക്കുന്നത് പതിവുകാഴ്ചയാണെങ്കിലും ഇവിടെ നേരെ തിരിച്ചായിരുന്നു. 

ശ്രാവണ്‍ ആദ്യം ഒരു മാല അവന്തികയെ അണിയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുശേഷം സമീപത്തുണ്ടായിരുന്നയാള്‍ മറ്റൊരു മാല കൈമാറുമ്പോള്‍, അത് വാങ്ങി ശ്രാവണ്‍ മണ്ഡപത്തിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. വരന്റെ കരച്ചില്‍ കണ്ട് വധു അവന്തിക ചിരിക്കുന്നതും വീഡിയോയിലുണ്ട്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ശ്രാവണും അവന്തികയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു വിവാഹം'

വിവാഹങ്ങള്‍ സ്വര്‍ഗ്ഗത്തിലാണ് നടക്കുന്നത് എന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു,' മകളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഖുശ്ബു കുറിച്ചു. 'ഞങ്ങളുടെ മകള്‍ അവന്തിക സുന്ദര്‍ 2026 ജൂണ്‍ 25-ന് ശ്രാവണ്‍ ശ്രീനിവാസനെ വിവാഹം കഴിച്ചെന്ന വാര്‍ത്ത സന്തോഷത്തോടെ പങ്കുവെക്കുകയാണ്. ഞങ്ങളുടെ കണ്ണുകള്‍ ഇപ്പോഴും ഈറനണിഞ്ഞിരിക്കുകയാണ്, ഹൃദയം സന്തോഷത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു,' ഖുശ്ബു പറഞ്ഞു. ഖുശ്ബു-സുന്ദര്‍ സി ദമ്പതികള്‍ക്ക് അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകള്‍ കൂടി ഉണ്ട്. 

ഗോവയിലെ ആഡംബര റിസോര്‍ട്ടില്‍ വെച്ചുനടന്ന ചടങ്ങില്‍ ദക്ഷിണേന്ത്യന്‍, ബോളിവുഡ് ചലച്ചിത്ര ലോകത്തെ വന്‍താരനിരയാണ് പങ്കെടുത്തത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന അക്കിനേനി, വെങ്കിടേഷ്, അമല അക്കിനേനി, തൃഷ കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു. ബോളിവുഡില്‍ നിന്ന് ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍ എന്നിവരും എത്തിയിരുന്നു. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് പ്രമുഖ താരങ്ങള്‍ ചടങ്ങിനെത്തിയത് എന്നത് ശ്രദ്ധേയമായി. 

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാനായില്ല. വിവാഹത്തിന് മുന്നോടിയായി ഖുശ്ബുവും സുന്ദര്‍ സിയും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ക്ഷണിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. പ്രമുഖ താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.
 

Read more topics: # ഖുശ്ബു
Khushbu Sundar Shares Adorable Pictures From

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES