ഒരൊറ്റ നോട്ടത്തിൽ വൈറലായി കാളിദാസ് ജയറാം. കണ്ണെടുക്കാനെ തോന്നിയില്ലെന്ന് തോന്നുന്ന നോട്ടത്തോടെ നടി തൃഷയെ നോക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സുന്ദരിയായ നടി തൃഷയെ ഒരു പൊതു പരിപാടിക്കിടെ കണ്ണിമയ്ക്കാതെ നോക്കുന്ന കാളിദാസ് ജയറാമിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
കാളിദാസ് പോലും അറിയാതെയാണ് ഇരുവരേയും ക്യാമറാമാൻ ഫ്രയിമിൽ ആക്കിയിരുന്നത്. എന്നാൽ ചിത്രത്തിലെ കൗതുകം മനസ്സിലാക്കി കാളിദാസ് തന്നെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. പിന്നിലെ സീറ്റിലിരുന്നാണ് കാളിദാസ് തൃഷയെ നോക്കുന്നത്. വിപിനൻ വിത്ത് ജാനു എന്നാണ് കാളിദാസ് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.വായ്നോക്കിയെന്ന് ആരാധകരിൽ ചിലർ കാളിദാസിനെ വിശേഷിപ്പിച്ചിട്ടുമുണ്ട്.
ഒരു പുരസ്കാര ചടങ്ങിനിടെ കാളിദാസ് അറിയാതെ അജ്മൽ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണിത്. എന്നാൽ സംഭവം ഇത്ര വലിയ ചർച്ചയാകുമെന്ന് കാളിദാസ് പോലും കരുതിയില്ല. തന്നെ കളിയാക്കുന്ന ട്രോളുകളെ പോലും തമാശയോടെ ഉൾക്കൊള്ളുന്ന കാളിദാസിന് ഈ ചിത്രവും നന്നായി ബോധിച്ചു. സി. പ്രേംകുമാർ സംവിധാനം ചെയ്ത 96 എന്ന ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിലൂടെ തന്റെ പഴയ പ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ് തൃഷ. വിജയ് സേതുപതിക്കൊപ്പം വേഷമിട്ട ഈ ചിത്രം കേരളത്തിലടക്കം മികച്ച സാമ്പത്തിക വിജയം കൊയ്യുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
പൂമരത്തിനു ശേഷമുള്ള കാളിദാസിന്റെ രണ്ടാം ചിത്രം മി ആൻഡ് മിസ് റൗഡി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് നാളെയാണ് റിലീസ് ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായികയാകുന്നത്. ജാക്ക് ആൻഡ് ജിൽ എന്ന സന്തോഷ് ശിവൻ ചിത്രത്തിലും കാളിദാസ് നായകനാകുന്നുണ്ട്. ഹാപ്പി സർദാറിലും കാളിദാസാണ് നായകൻ.