ദക്ഷിണേന്ത്യന്‍ നടി കാജല്‍ അഗര്‍വാളിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാഹനാപകട വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി വ്യക്തമാക്കി. തന്റെ മരണവാര്‍ത്ത നിഷേധിച്ച് കാജല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.
''എനിക്ക് വാഹനാപകടമുണ്ടായെന്നും ഇനി ജീവിച്ചിരിപ്പില്ലെന്നും പറയുന്ന വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. ദൈവാനുഗ്രഹത്താല്‍ ഞാന്‍ പൂര്‍ണ ആരോഗ്യത്തോടെയും സുരക്ഷിതമായും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കുന്നു. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. സത്യത്തിലും പോസിറ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കണം,'' എന്നാണ് കാജലിന്റെ കുറിപ്പ്.
കാജലിന്റെ മരണം സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകളോടൊപ്പം അപകടസ്ഥലത്ത് നിന്നും മൃതദേഹം കൊണ്ടുപോകുന്നുവെന്ന പേരില്‍ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ മുഖം വ്യക്തമായിരുന്നില്ല, ഇതാണ് ആരാധകരില്‍ ആശങ്കയ്ക്ക് ഇടയായത്. നടിയുടെ ടീം തുടക്കത്തില്‍ പ്രതികരിക്കാതിരുന്നതും ചര്‍ച്ചകള്‍ ശക്തമാക്കി.
സോഷ്യല്‍ മീഡിയ വഴി വ്യാജ മരണവാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ ഇരയായ ആദ്യ താരമല്ല കാജല്‍. നിരവധി മലയാള-തെലുങ്ക് താരങ്ങള്‍ക്കും മുമ്പ് ഇത്തരം സംഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. പലപ്പോഴും സഹപ്രവര്‍ത്തകര്‍ പോലും ഇത്തരം വാര്‍ത്തകള്‍ വിശ്വസിച്ച് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് വാസ്തവം മനസ്സിലാക്കുന്നത്.