ബോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരുഖ് ഖാന്റെ ജവാന്‍. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തുന്നത്. ഇപ്പോള്‍ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ ചിത്രത്തിലെ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ഷാരുഖ് ഖാനും നയന്‍താരയും ഒന്നിക്കുന്ന പ്രണയഗാനമാണ് പുറത്തെത്തിയത്.
ചലേയാ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ഹിന്ദിയില്‍ കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. അര്‍ജിത്ത് സിംഗും ശില്‍പാ റാവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാത്തെല്ലാം കാനലാകും എന്നാണ് ഗാനത്തിന്റെ തമിഴ് പതിപ്പ് തുടങ്ങുന്നത്. വിവേകാണ് ഗാനം എഴുതിയിരിക്കുന്നത്. അനിരുദ്ധും പ്രിയ മാലിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്.
പത്താന് ശേഷം ഷാരുഖിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ജവാന്‍. വിജയ സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.