റേസിങ് കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാര്‍ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. ദുബായില്‍ നടന്ന 24എച്ച് ദുബായ് എന്‍ഡ്യൂറന്‍സ് റേസില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അജിത്തിന്റെ റേസിങ് ടീം.
ഇപ്പോളിതാ 13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ വിജയം നേടിയ അജിത്ത് കുമാറിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു' എന്ന് വേദിയില്‍ നിന്ന് പറയുന്ന അജിത്തിനേയും അതുകേട്ട് ചിരിക്കുന്ന ശാലിനുയേയും വിഡിയോയില്‍ കാണാം. റേസിനുപിന്നാലെ ശാലിനിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന അജിത്തിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ശാലിനിക്കൊപ്പം മകള്‍ അനൗഷ്‌കയും ദുബായിലെത്തിയിരുന്നു.
അജിത്തിന്റെ അടുത്ത സുഹൃത്തും നടനുമായ മാധവനും അജിത്തിന്റെ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനും മല്‍സരം കാണാന്‍ എത്തിയിരുന്നു. അജിത്തിന്റെ വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. 'നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. എന്തൊരു മനുഷ്യനാണ് നിങ്ങള്‍. ഒരേയൊരു അജിത് കുമാര്‍' എന്നാണ് മാധവന്‍ കുറിച്ചത്.
അജിത്തിന്റെ വിഡിയോ പങ്കുവച്ച് ആദിക് രവിചന്ദ്രനും അഭിനന്ദനവുമായി രംഗത്തെത്തി. റേസിന് ശേഷം പുരസ്‌കാരം വാങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്ത് അജിത്തിന്റെ നേട്ടം രാജ്യത്തിന് അഭിമാനം എന്നാണ് ആദിക് കുറിച്ചത്.
911 കാറ്റഗറിയില്‍ അജിത്തിന്റെ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയതായി താരത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര എക്‌സിലൂടെ അറിയിച്ചു. ജിടി 4 വിഭാഗത്തില്‍ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് സ്വന്തമാക്കിയിട്ടുണ്ട്.
പുതിയ റേസിങ് സീസണ്‍ ആരംഭിക്കുന്നതുവര പുതിയ ചിത്രങ്ങളൊന്നും പദ്ധതിയിലില്ലെന്നായിരുന്നു അജിത് അടുത്തിടെ ആരാധകരെ അറിയിച്ചത്. 'എന്ത് ചെയ്യണം, ചെയ്യരുത് എന്ന് പറയേണ്ട കാര്യമില്ല. നിലവില്‍ ഒരു ഡ്രൈവര്‍ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് പിന്തുടരനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ റേസിങ് സീസണ്‍ ആരംഭിക്കുന്നതുവരെ പുതിയ സിനിമകളില്‍ ഒപ്പിടില്ല. ഒരുപക്ഷേ ഒക്ടോബറിനും റേസിങ് സീസണ്‍ ആരംഭിക്കുന്ന മാര്‍ച്ചിനും (2025) ഇടയില്‍ ഞാന്‍ മിക്കവാറും സിനിമകള്‍ ചെയ്യും. അതുകൊണ്ട് ആരും വിഷമിക്കേണ്ടിവരികയുമില്ല, എനിക്ക് റേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം,' അജിത് പറഞ്ഞു.
മാസങ്ങള്‍ക്കു മുന്‍പാണ് അജിത് കുമാര്‍ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. അംഗീകൃത റേസറായ അജിത് തന്റെ പുതുതായിതുടങ്ങുന്ന റേസിങ് ടീമിന് 'അജിത് കുമാര്‍ റേസിങ്' എന്നാണ് പേരിട്ടിട്ടുള്ളത്. അടുത്തിടെ ദുബായില്‍ നടന്ന പരിശീലന സെഷനില്‍ അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. മുന്‍വശം തകര്‍ന്ന കാറില്‍ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.