ബോളിവുഡിലെ ദി മോസ്റ്റ് എലിജിബിള്‍ ബാച്‌ലറാണ് സല്‍മാന്‍ ഖാന്‍. 53 വയസായെങ്കിലും ഇപ്പോഴഉം കല്യാണത്തെകുറിച്ച് സല്‍മാന്‍ ആലോചിച്ചിട്ടില്ല. എങ്കിലും നിരവധി കാമുകിമാര്‍ സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ വന്നുപോയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സല്‍മാന്‍ ഖാന്റെ കല്യാണചിത്രം കോടതിയിലെത്തിയതാണ് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. സംഭവത്തിന്റെ പിന്നാമ്പുറം കൂടി അറിഞ്ഞതോടെ പലര്‍ക്കും ചിരിയടക്കാന്‍ വയ്യെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചു പോയ മകന്റെ ജോലി മരുമകള്‍ക്ക് കിട്ടുന്നത് തടയാന്‍ ഭര്‍തൃപിതാവ് സമര്‍പ്പിച്ച വിവാഹചിത്രത്തിലാണ് മരുമകള്‍ക്കൊപ്പം വരനായി സല്‍മാന്‍ ഖാനുള്ളത്..
മരുമകള്‍ക്ക് മറ്റൊരു ഭര്‍ത്താവ് ഉണ്ടെന്നു സ്ഥാപിക്കാന്‍ ഭര്‍തൃപിതാവാണ് കുടുംബകോടതിയില്‍ ചിത്രം സമര്‍പ്പിച്ചത്. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലെ ബൈകുണ്ഡ്പുര്‍ കുടുംബകോടതിയിലാണ് സംഭവം.
മകന്‍ ബസന്തിന്റെ ജോലി മരുമകള്‍ റാണീ ദേവിക്ക് കിട്ടുന്നത് തടയുകയായിരുന്നു ലക്ഷ്യം. റാണിക്ക് മറ്റൊരു ഭര്‍ത്താവ് ഉണ്ടെന്നു സ്ഥാപിച്ചാല്‍ മതിയെന്ന് ആരോ ബസന്തിന്റെ അച്ഛനെ ഉപദേശിച്ചു. ഇതേത്തുടര്‍ന്നാണ് പ്രദേശത്തെ ഒരു ഡിജിറ്റല്‍ സ്റ്റുഡിയോയിലെത്തി ഇയാള്‍ വ്യാജ ചിത്രം ഉണ്ടാക്കി. എന്നാല്‍ ചിത്രം തയാറാക്കിയ ആള്‍ റാണിക്കൊപ്പം ചേര്‍ത്തത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ ആയിരുന്നു. ചിത്രം കണ്ട ജഡ്ജി അമ്പരന്നു. കള്ളത്തരം മനസ്സിലാക്കി ബസന്തിന്റെ ജോലി ഭാര്യയ്ക്കു നല്‍കാനും ഉത്തരവിട്ടു.
സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്ന ബസന്ത്, 2013ലാണ് ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെ ബസന്തിന്റെ വീട്ടുകാര്‍ റാണിയെ വീട്ടില്‍ നിന്നു പുറത്താക്കി. ബസന്തിന്റെ ജോലി സഹോദരനുള്ളതാണെന്നും അവകാശപ്പെട്ടു. തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയതും വിവാഹചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ സ്ഥാനം പിടിച്ചതും. എന്തായാലും സല്‍മാന്റെ ചിത്രം കാരണം അവകാശിക്ക് തന്നെ ജോലി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പലരും