ഇന്ത്യൻ സൈന്യത്തിൽപോലും ഒളിഞ്ഞിരിക്കുന്ന ജാതിയുടെ കഥ പറഞ്ഞ 'മേൽവിലാസം', മരുന്നുപരീക്ഷണത്തിന്റെ നീരാളിക്കൈകൾ കാണിച്ചുതന്ന 'അപ്പോത്തിക്കിരി'! ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി മലയാള ചലച്ചിത്ര ലോകത്ത് മാധവ് രാംദാസ് എന്ന സംവിധായകന് കസേര വലിച്ചിട്ട് നിവർന്നിരിക്കാൻ. എന്നിട്ടും തന്റെ പുതിയ ചിത്രം 'ഇളയരാജയുടെ' ബോക്സോഫീസ് പ്രകടനം കണ്ട്, ഒരു നിലവിളിയെന്നോണമുള്ള ഫേസബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ഈ സംവിധായകന് ഇടേണ്ടി വന്നു. 'എനിക്ക് വീണ്ടും തെറ്റു പറ്റിയോ, കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ട്' എന്ന മാധവിന്റെ പോസ്റ്റ് നല്ല സിനിമയോടുള്ള നമ്മുടെ പൊതു ചിത്രം തന്നെയാണ് വ്യക്തമാക്കുന്നത്.
പക്ഷേ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ തോന്നി. തെറ്റുപറ്റിയത് മാധവിനല്ല. പ്രേക്ഷകർക്ക് തന്നെയാണ്. ഇത്രക്ക് ഉജ്ജ്വലമായ വൈകാരിക മുഹൂർത്തങ്ങളുള്ള ഒരു ചിത്രം വലിയ തോതിലുള്ള കാണികളെ ആവശ്യപ്പെടുന്നതായിരുന്നു.ചുരുങ്ങിയത് മൂന്നിടത്തെങ്കിലും കണ്ണുനിറയാതെ ഈ ചിത്രം നിങ്ങൾക്ക് കണ്ടു തീർക്കാനാവില്ല. പ്രശസ്തമായ തമിഴ് ്പടം 'കാക്കമുട്ടെ' ഒക്കെ കണ്ട അതേ ഫീലിങ്ങ്. പക്ഷേ നോക്കുക, നമ്മുടെ ചലച്ചിത്രലോകം എത്ര നിസ്സംഗതയോടെയാണ് ഈ ചിത്രത്തെ സമീപിക്കുന്നത്. ഒരു സെലിബ്രിറ്റിപോലും ഇത് നിർബന്ധമായും കാണേണ്ട പടമാണെന്ന് പറയുന്നില്ല. പേരന്മ്പിനെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചുമൊക്കെ വാഴ്‌ത്തിപ്പാടിയ നമ്മൾ, സമാനമായ അനുഭവം സമ്മാനിക്കുന്ന ഈ കൊച്ചു ചിത്രത്തെ കാണാതെപോകരുത്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. തമിഴിലോ ഹിന്ദിയിലോ പോട്ടെ, കൊറിയയിലോ, ഇറാനിലോ ഒക്കെ നല്ല ചിത്രങ്ങൾ ഉണ്ടായാൽ എന്തൊരു തള്ള് തള്ളുന്നവരാണ് മല്ലു ഫേസ്‌ബുക്കികൾ. വരൂ... പ്രിയപ്പെട്ടവരെ ഈ കൊച്ചു നല്ല ചിത്രത്തിനായും കൊടുക്കൂ നിങ്ങളുടെ ചെറിയ പുഷ്.
നഗരത്തിന്റെ കാൽക്കീഴിൽ പുൽക്കൊടിത്തുമ്പുപോലെ ജീവിച്ചിട്ടും പൊരുതുന്ന ചില മനുഷ്യർ. അത്തരം ഒരു അസാധാരണ കഥയാണ് മാധവ് രാംദാസ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം സാമ്പത്തികാമായി പരാജയപ്പെടുകയാണെങ്കിൽ അത് മാധവിലെ സംവിധായകന്റെ കുഴപ്പമല്ല. നമ്മുടെ പ്രേക്ഷകരുടേതാണ്. താരകേന്ദ്രീകൃതമായ പടപ്പുകൾ വഷളാക്കിയ മലയാള ചലച്ചിത്ര ആസ്വാദക ദുശ്ശീലങ്ങൾ മാധവ് രാംദാസിനെപ്പോലുള്ള പ്രതിഭകളെ അർഹിക്കുന്നില്ല. നമുക്ക് തലച്ചോർ തുരന്നുകൊണ്ട് കാണാൻ കഴിയുന്ന കച്ചവട സിനിമകൾക്ക് മാത്രം കൈയടിക്കാം! താരങ്ങളുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താം. എന്നിട്ട് കൊറിയൻ സിനിമകളെ പൊക്കി പോസ്ററിടാം!
ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ സ്വപ്നങ്ങൾ
മധ്യവർഗ മലയാളിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആശങ്കകളുമൊക്കെയായിരുന്നു എന്നു മലയാള സിനിമയുടെ മുഖ്യധാര. അവാർഡ് സിനിമകൾ എന്ന് അറിയപ്പെടുന്നവയിലാണ് പലപ്പോളും അടിസ്ഥാന വർഗത്തിന്റെ കഥകൾ വരുന്നത്. ഇവിടെ നോക്കുക, ഒരു കപ്പലണ്ടിക്കച്ചവടക്കകാരന്റെ അതിജീവന കഥയിലൂടെയാണ്, അരികുചേർത്തവർക്കുള്ള ഐക്യദാർഡ്യമായി ഈ പടം നീങ്ങുന്നത്. തൃശൂർ ടൗണിൽ കപ്പലണ്ടി കച്ചവടം നടത്തുന്ന വനജന്റെ (ഗിന്നസ് പക്രുവെന്ന അജയൻ) ജീവിതത്തിലേക്ക് ക്യാമറ നീങ്ങുമ്പോൾ നാം അതിൽ പെട്ടുപോവുകയാണ്. റെയിൽവേ ലൈനിനടുത്തെ ഒന്നര സെന്റിലെ കൊച്ചുവീടിലും തേക്കിൽ കാട് മൈതാനിനിലുമൊക്കെ നാം എത്തിപ്പെട്ടപോലത്തെ വെർച്വൽ റിയാലിറ്റി അനുഭവം. സംവിധായകന്റെ മിടുക്ക് ഇവിടെയൊക്കെ പ്രകടം.
ഭാര്യയും രണ്ട് മക്കളും അച്ഛനുമടങ്ങിയ വനജന്റെ ചെറിയ കുടുംബത്തിന്റെ ഹർഷ സംഘർഷങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഭാര്യയുടെ ചികിത്സക്കായി പലിശക്കാരനിൽ നിന്ന് കടമെടുത്ത് ആധിയോടെ കഴിയുകയാണ് ഇവർ. വനജന്റെ ഭാര്യക്ക് സുഖമില്ലാത്തതിനാൽ വീട്ടുജോലികളൊക്കെ ഒറ്റക്ക് ചെയ്യുന്ന സ്നേഹനിധിയായ അപ്പൂപ്പനാണ് (ഹരിശ്രീ അശോകൻ) ഈ വീടിന്റെ ഐശ്വര്യം. സ്്കുൾ വിട്ട് വരുന്ന മകനും മകളും കപ്പലണ്ടി കച്ചവടത്തിൽ വനജനെ സഹായിക്കുന്നുണ്ട്. കുട്ടികളുടെ സ്‌കൂൾ ദൃശ്യങ്ങൾക്കൊക്കെയുണ്ട് നാളിതുവരെയില്ലാത്ത കൊതിപ്പിക്കുന്ന ചാരുത. മഴയത്ത് വനജനെയും പെങ്ങളെയും ഉന്തുവണ്ടിക്കകത്ത് ഇരുത്തി അത് തള്ളിവരുന്ന മൂത്ത മകൻ സുബ്രുവിന്റെ ഷോട്ട് ഒക്കെ അതി മനോഹരം. 8സ ക്യാമറയും ഹോളിവുഡ്ഡ് സെറ്റപ്പുമൊന്നുമല്ല, അടിസ്ഥാനപരമായി സംവിധായകന്റെ തലച്ചോറാണും, ഉള്ളിലെ അഗ്നിയുമാണ് നല്ല ഷോട്ടുകൾ ഉണ്ടാക്കുന്നതെന്ന് വ്യക്തം. കൃത്യമായ ചില രാഷ്ട്രീയവും ഈ പടം പറയുന്നുണ്ട്. വീട് എവിടെയാണെന്ന, ഇന്റർ നാഷണൽ സ്‌കൂളിലെ കുട്ടികളുടെ ചോദ്യത്തിന് ശോഭാ സിറ്റിക്ക് അടുത്ത് എന്ന സുബ്രണ്യന്റെ മറുപടിയിലുണ്ട്, പാർശ്വവത്കൃതരായവരുടെ മൊത്തം സങ്കടവും.
നിർധനരോടും അശരണരോടുമൊക്കെ പുരോഗമ കേരളത്തിന്റെ പൊതു സമീപനം എന്താണെന്ന വ്യക്തമായ സൂചകങ്ങളും ചിത്രം നൽകുന്നുണ്ട്. കപ്പലണ്ടി കച്ചവടത്തിൽ മക്കൾ സഹായിക്കുന്നത് ബാലവേലയുടെ പരിധിയിൽ പെടുമെന്ന അദ്ധ്യാപകന്റെ ചോദ്യം തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങൾ. വലിയ നഗരത്തിൽ എതാനും ചിത്രശലഭങ്ങളെപ്പോലും അവരും അങ്ങനെ ജീവിച്ചുപോവുകയാണ്. അങ്ങനെയിരിക്കെ തന്റെ മക്കളുടെ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ചില കഴിവുകൾ വഴി വനജന്റെ ജീവിതം മാറിമറിയുന്നു. അത് എങ്ങനെയെന്ന് നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.
കണ്ണുനിറച്ച് ഗിന്നസ് പക്രുവും ഹരിശ്രീ അശോകനും
ഒരു അന്തവും കുന്തവുമില്ലാത്ത കോമഡി വേഷങ്ങളിലൂടെ അഭിനയ ജീവിതം ഹോമിക്കേണ്ടി വന്ന രണ്ട് പ്രതിഭകളാണ് ഗിന്നസ് പക്രുവെന്ന അജയനും നമ്മുടെ ഹരിശ്രീ ആശോകനും. ഈ ചിത്രത്തിലെ ഇരുവരുടെയും വേഷങ്ങൾ പലപ്പോഴും നമ്മുടെ കണ്ണീർ ഗ്രന്ഥികളെ ഉണർത്തും.
സാധാരണ പൊക്കക്കുറവിനെ ഹൈലറ്റ് ചെയ്തുകൊണ്ടുള്ള ടൈപ്പ് കോമഡി വേഷങ്ങളാണ് പക്രുവിന് ലഭിക്കാറുള്ളത്. ഈ ചിത്രത്തിൽ പക്ഷേ കഥാപാത്രത്തിന്റെ ശാരീരിക അവശതകൾ കാണിക്കുന്നുണ്ട് എന്നല്ലാതെ, ശാരീരിക വൈകല്യം വിഷയമാവുന്നില്ല. മകൾക്ക് ഒരു അഡിമിഷനുവേണ്ടി സ്്കുൾ അധികൃതരോട് കെഞ്ചുന്ന സമയത്തും, പെരുമഴയത്ത് ഉന്തുവണ്ടിയിരുന്ന് മകൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയത്തുമൊക്കെ ഈ നടൻ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. പക്ഷേ മമ്മൂട്ടി അഭിനയിച്ചാൽ അത് നടന ചാരുതയുടെ പരകോടി, പക്രുവായതിനാൽ അവഗണ എന്ന നിലപാടാണ് പൊതുസമൂഹത്തിനെങ്കിൽ എവിടെയോ എന്തോ കാര്യമായ കരാറുണ്ടെന്ന് വ്യക്തം.
അതുപോലെ തന്നെ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയാണ് ഹരിശ്രീ അശോകന്റെ മുത്തഛൻ ക്യാരക്ടറും. മേക്കപ്പിലും കെട്ടിലും മട്ടിലും ചിരിയിലുമൊക്കെ നമ്മൾ നാളിതുവരെ കണ്ട അശോകനേയല്ല. ഈ കഥാപാത്രത്തിന്റെ മരണമാണ് ഈ ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർക്കായ രംഗം. ഈ കഥാപാത്രത്തിന്റെ മേക്കപ്പ്മാനും അഭിനന്ദനും അർഹിക്കുന്നു. തലമൊത്തം നരയടിപ്പിച്ചാൽ തീരുന്ന വാർധക്യവേഷമല്ലേ നമുക്ക് കണ്ട് പരിചയമുള്ളൂ. റോഷൻ ശരിക്കും ഒരു മേക്കപ്പ് പ്രതിഭയാണ്.
പക്ഷേ ശരിക്കുമുള്ള സൂപ്പർ താരങ്ങൾ ഈ രണ്ടു കൊച്ചുകുട്ടികളാണ്. ഗിന്നസ് പക്രുവിന്റെ മക്കളായി വേഷമിട്ടവർ തന്നെ. ഇതിൽ ആർദ്ര എന്ന കൊച്ചുമിടുക്കിയുടെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നതാണ്. ഭാവിയുടെ വാഗ്ദാനമാണ് ഈ കുട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ല. വെളുത്തു തുടുത്ത കോംപ്ലാൻ ബോയികളായ ബാലതാരങ്ങളുടെ കണ്ട് ശീലിച്ച നമുക്ക്, ശരിക്കും മണ്ണിന്റെ മണമുള്ള കുട്ടികളെയാണ് മാധവ് കാട്ടിത്തരുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയ സുധീപ് ടി ജോർജിനും പ്രേക്ഷകർ ലൈക്കടിക്കുന്നുണ്ട്. അടുത്തകാലത്ത് ചിത്രത്തിന്റെ കഥാഘടനയോട് ചേർന്ന് നിൽക്കുന്ന ഉജ്ജ്വലമായ ഗാനങ്ങളാണ് ഇളയരാജയിലേത്. കപ്പലണ്ടിപ്പാട്ടും, സ്പെല്ലിങ്ങ് കോമ്പറ്റീഷന് മുന്നോടിയയായുള്ള സംഗീതവുമൊക്കെ സൂപ്പറായിട്ടുണ്ട്. സംഗീത കുലപതി ഇളയാരാജയുടെ പേരിൽ ഇറങ്ങിയ ചിത്രം ആ അർഥത്തിൽ പേരിനോട് നീതി പുലർത്തിയിട്ടുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗക്കും കൊടുക്കാം ഒരു നുറ് ലൈക്ക്!