പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കുറ്റവാളികളെ വീഡിയോ പകര്‍ത്തി പരസ്യപ്പെടുത്തി നാണംകെടുത്തണമെന്ന് പ്രമുഖ ഗായിക ചിന്മയി ശ്രീപദ ആഹ്വാനം ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പലപ്പോഴും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയും എന്നാല്‍ ഇരകള്‍ ജീവിതകാലം മുഴുവന്‍ മാനസികാഘാതത്തില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ 'എക്‌സി'ലെ ഈ പ്രതികരണം.
'പ്രിയപ്പെട്ട പെണ്‍കുട്ടികളേ (പുരുഷന്മാരോടും, ബസുകളില്‍ പുരുഷന്മാരും അതിക്രമത്തിന് ഇരയാകുന്ന കാര്യം നമുക്കറിയാം), ഇത്തരം പ്രവൃത്തികള്‍ റെക്കോഡ് ചെയ്ത് പരസ്യപ്പെടുത്തി അതിക്രമം കാണിക്കുന്നവരെ നാണം കെടുത്തുക,' ചിന്മയി തന്റെ കുറിപ്പില്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളും, പങ്കാളിയേയും പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുറ്റവാളികളും ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'അവര്‍ക്ക് കോടതി മുറികള്‍ കാണേണ്ടി വരാറില്ല. നമ്മളാണ് ആ ട്രോമയില്‍ ജീവിക്കുന്നത്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍വെച്ച് ഒരു പെണ്‍കുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയി ഈ അഭിപ്രായം പങ്കുവെച്ചത്. 'ഈ അക്രമം കാണിച്ചയാള്‍ ആത്മഹത്യ ചെയ്താലും സൈബര്‍ ലോകം ആ കുട്ടിയെ കുറ്റപ്പെടുത്തുമായിരുന്നു,' എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്മയിയുടെ ഈ പോസ്റ്റ്. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര മുട്ടുങ്ങല്‍ സ്വദേശി ഷിംജിത മുസ്തഫ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.