മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. നീണ്ട ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് ആരാധകര്‍ക്ക് മറക്കാനാവാത്ത് കഥാപാത്രവുമായി എത്തുകയാണ് താരം. ക്രിസ്മസ് റിലീസിനെത്തുന്ന ജോസ് സെബാസ്റ്റ്യന്‍ ചിത്രമാണ് 'എന്റെ ഉമ്മാന്റെ പേര്'.
ചിത്രത്തില്‍ ആയിഷുമ്മയായി കുടുംബ പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ എത്തുകയാണ് ഉര്‍വശി. ഈ നടിയുടെ സാന്നിദ്ധ്യം കൊണ്ട് തന്നെ ചിത്രം വമ്പന്‍ ഹിറ്റ് ആവുമെന്നാണ് പ്രതീക്ഷ.
'നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ കയ്യില്‍ സ്‌ക്രിപ്റ്റ് കിട്ടിയൊരു സിനിമയാണ് 'എന്റെ ഉമ്മാന്റെ പേര്'. വളരെ അപൂര്‍വ്വമായാണ് മൂന്നാലു വര്‍ഷത്തിനു മുന്‍പൊക്കെ ഫിനിഷ് ചെയ്ത ഒരു ഫുള്‍ സ്‌ക്രിപ്റ്റ് കയ്യില്‍ കിട്ടുകയും അത് ഇഷ്ടപ്പെടുകയും അതിനു വേണ്ടി കാത്തിരിക്കുകയും ഒക്കെ ചെയ്യുന്നത്. ഞാന്‍ സ്ഥിരമായി പടം ചെയ്യുന്ന കാലത്തു പോലും പലപ്പോഴും ഒരാഴ്ച മുന്‍പ്? അല്ലെങ്കില്‍ പതിനഞ്ചു ദിവസമൊക്കെ മുന്‍പുള്ള പ്രിപ്പറേഷനെ ഉണ്ടായിട്ടുള്ളൂ. ഒരു സംവിധായകന്‍ നാലു വര്‍ഷം മുന്‍പേ ഒരു സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി സിനിമ ചെയ്യാന്‍ വെയിറ്റ് ചെയ്യുന്നത് എനിക്കൊരു അതിശയമുള്ള കാര്യമായി തോന്നി.'
'ഇതു പോലെ തന്നെയായിരുന്നു 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമയ്ക്കു വേണ്ടിയുള്ള വെയിറ്റിംഗും. ഓരോ തവണ വിളിക്കുമ്‌ബോഴും എന്റേതായ കാരണങ്ങള്‍ കൊണ്ട് ചെയ്യാന്‍ പറ്റാതെ പോയ സിനിമയാണത്. പല തവണ മാറിമാറിപ്പോയൊരു സബ്‌ജെക്ട്. അതൊടുവില്‍ മനോഹരമായൊരു സിനിമയായി മാറുകയും ചെയ്തു.'
'ഒരു സ്‌ക്രിപ്റ്റ് കാണുമ്‌ബോള്‍ അതിഷ്ടപ്പെട്ടാല്‍ പിന്നെ അതിനായൊരു കാത്തിരിപ്പ് നമ്മുടെ മനസ്സിലുണ്ടാകും. എല്ലാ കഥകളൊന്നും ഇഷ്ട്ടപെടാറില്ല. എണ്ണം തികയ്ക്കാന്‍ വേണ്ടി ഒരുപാട് സിനിമകള്‍ ചെയ്യുന്നതില്‍ കാര്യമില്ലെന്നൊരു തോന്നലാണ് എനിക്കിപ്പോള്‍. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഉള്ള കഥാപാത്രങ്ങള്‍ തെരെഞ്ഞെടുത്താല്‍ മതി. അല്ലാതെ, കുഞ്ഞിനെയും വീടുമൊക്കെ വിട്ടിട്ട് 30- 40 ദിവസമൊക്കെ ഒരു സ്ഥലത്ത് പോയി നില്‍ക്കുമ്‌ബോള്‍ നമുക്കൊരു പ്രതീക്ഷയുണ്ടാവേണ്ടേ?', ഉര്‍വ്വശി ചോദിക്കുന്നു. മലയാളികളുടെ പ്രിയ താരം ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.