വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്കു വരെ കാരണമാകാറുണ്ട. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിച്ച ദുല്‍ഖറിന്റെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ മുംബൈ പോലീസ് ഇടപെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂര്‍, 'ഇത് വളരെ വിചിത്രമായി തോന്നുന്നു,' എന്ന് പറയുന്നുണ്ട്. ഇതിനെ ഏറ്റുപിടിച്ചാണ് മുംബൈ പൊലീസിന്റെ ട്വീറ്റ് ചെയ്തത്. 'നിങ്ങളോട് ഞങ്ങള്‍ യോജിക്കുന്നു സോനംകപൂര്‍. ഡ്രൈവിങിനിടയില്‍ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിലാക്കുന്നതും അങ്ങിനെയാണ്. സിനിമയില്‍ ആണെങ്കിലും അത് ഞങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല,' എന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്. സോനം കപൂറിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. എന്നാല്‍ വീഡിയോ മുംബൈ പോലീസ് ട്വീറ്റ് ചെയ്തതോടെ സോനം കപൂറും ദുല്‍ഖറും ട്വീറ്റിനു മറുപടിയുമായി എത്തി. 'ഞങ്ങള്‍ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങള്‍ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങള്‍ ഇതേ ആത്മാര്‍ത്ഥത കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കരുതലിന് നന്ദി,' എന്നാണ് ദുല്‍ഖറിനെ കൂടി ടാഗ് ചെയ്തുകൊണ്ട് സോനം കപൂര്‍ മറുപടി നല്‍കിയിരിക്കുന്നത്.
പിന്നാലെ വിശദീകരണവുമായി ദുല്‍ഖറും രംഗത്തെത്തിയിരുന്നു. വ്യക്തമായി പരിശോധിക്കാതെ പോലീസ് ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത് ശരിയായില്ലെന്നും. ഷൂട്ടിങ്ങിനു അനുവാദം നല്‍കിയും സൗകര്യം ഉണ്ടാക്കിയും മുംബൈ പോലീസ് തങ്ങളെ ഒരുപാട് സഹായിച്ചെന്നും ദുല്‍ഖര്‍ ട്വീറ്റില്‍ പറഞ്ഞു. താന്‍ വിചാരിച്ചാലും അപ്പോള്‍ വാഹനം ഓടിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അത് കൂടാതെ അത് ഷൂട്ടിങ്ങാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ സോനം കപൂറിന്റെ മറുപടി കേട്ട മുംബൈ പൊലീസ് വെറുതെയിരുന്നില്ല.. 'ഞങ്ങളെ സംബന്ധിച്ച് സാധാരണക്കാര്‍ എന്നൊരാള്‍ ഇല്ലെന്നും എല്ലാ മുംബൈക്കാരും സ്‌പെഷലാണെന്നും അവര്‍ ട്വ്ീറ്റ് ചെയ്തു. എല്ലാവരുടെയും കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരേ കരുതലാണ് ഉളളത്. നിങ്ങളുടെ സുരക്ഷിതരായിരുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന 'ദി സോയ ഫാക്ടര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു മുംബൈ പൊലീസ് ട്വീറ്റ് ചെയ്ത വീഡിയോ. ബോളിവുഡില്‍ ദുല്‍ഖറിന്റെ അടുത്ത സിനിമയാണ് സോയ ഫാക്ടര്‍. ചിത്രത്തില്‍ സോനം കപൂറാണ് ദുല്‍ഖറിന്റെ നായിക.