കഴിഞ്ഞ ദിവസം ഫിലിം കംപാനിയന് നടി പാര്‍വ്വതി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത് താനുള്‍പെടുന്ന ഡബ്ലുസിസി അംഗങ്ങള്‍ക്ക് ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിക്കുന്നില്ലെന്നും മറ്റുള്ള അഭിനേതാക്കള്‍ക്ക് തങ്ങളോട് സംസാരിക്കുന്നതിന് പോലും വിലക്കുമാണ് എന്നാണ്. ആകെ ഒരു സിനിമയിലേ തനിക്ക് ഓഫര്‍ ലഭിച്ചുള്ളുവെന്നും പാര്‍വ്തി പറഞ്ഞിരുന്നു. എന്നാല്‍ പാര്‍വതിക്ക് അവസരം കിട്ടാത്തത് അല്ല കാരണമെന്നും സൂപ്പര്‍താര ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന് വാശി ഉള്ളതിനാലാണ് എന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.
പ്രതിഷേധിക്കുന്നത് കൊണ്ട് സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന് പാര്‍വ്വതി പരാതി പറയുമ്പോള്‍ അത് കാപട്യമല്ലേയെന്ന സംശയമാണ് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ താന്‍ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയിട്ടും കേവലം ഒരു സിനിമയാണ് തനിക്ക് ലഭിച്ചതെന്നും തങ്ങളുടെ അവസരം നിഷേധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് പാര്‍വതി പറഞ്ഞത്. എന്നാല്‍ ഒരു സിനിമയക്ക്ക് വേണ്ടി കോണ്ടാക്ട് ചെയ്തിട്ടും പാര്‍വ്വതി ഉത്തരമൊന്നും തരാതെ ഒഴിഞ്ഞുമാറി സംഭവമാണ് സനല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സനല്‍കുമാറിന്റെ ഒരു ചെറിയ ബജറ്റ് സിനിമയില്‍ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ നടി എന്ന നിലയിലാണ് പാര്‍വ്വതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ചെറിയ ബജറ്റ് സിനിമയാണ് ഇന്‍ഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ പാര്‍വതി സഹകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും നമ്പര്‍ എടുത്ത് പാര്‍വ്വതിയെ സനല്‍കുമാര്‍ ബന്ധപ്പെട്ടു. എന്നാല്‍ പാര്‍വതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പര്‍ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങള്‍ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും പാര്‍വ്വതി അയച്ചില്ലെന്നും തുടര്‍ന്ന് താന്‍ പിന്നെ ആ വഴിക്ക് പോയില്ലെന്നും സനല്‍ വെളിപ്പെടുത്തി.
ഒരു പ്രോജക്ട് കേള്‍ക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പര്‍ താര ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങള്‍ക്കെതിരെയും പടപൊരുതുന്ന ആളുകള്‍ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നുമെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അങ്ങനെയല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇന്‍ഡസ്ട്രിയിലെ വമ്പന്‍ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇന്‍ഡിപെന്‍ഡന്റ് സിനിമകളില്‍ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങള്‍ ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ 'പിന്തിരിപ്പന്‍' സിനിമകളില്‍ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ? എന്നും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.