പഹല്‍ഗാമില്‍ ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയാവാതെ മടങ്ങിയെത്തിയവരില്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായിക മൃദുല വാര്യരും. അഞ്ചുദിവസത്തെ ടൂര്‍ പാക്കേജ് എടുത്തായിരുന്നു മൃദുലയും ഭര്‍ത്താവ് അരുണും മകളും അടങ്ങിയ കുടുംബം കാശ്മീരിലേക്ക് പോയത്. യാത്രയില്‍ അവസാന പോയിന്റ് പഹല്‍ഗാമായിരുന്നു. ടൂര്‍ പാക്കേജ് സമയം തീര്‍ന്നതിനാല്‍ അവിടേക്ക് എത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത് ഒരു കിലോമീറ്റര്‍ പരിധിയില്‍ വരെയെത്തി. അവിടെ ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരുപക്ഷെ സമയം കഴിഞ്ഞിരുന്നില്ലായെങ്കില്‍, അല്ലെങ്കില്‍ ടൂര്‍ പാക്കേജ് നീട്ടിയെടുക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷെ ഭീകരാക്രമണ സമയത്ത് മൃദുലയും കുടുംബവും അവിടെ ഉണ്ടാകുമായിരുന്നു.
അങ്ങനെയൊന്നും തോന്നാതെ യാത്ര അവസാനിപ്പിച്ച് തിരിച്ചെത്താന്‍ തോന്നിയതില്‍ ആശ്വസിക്കുകയാണ് ഗായിക ഇപ്പോള്‍. പ്രശസ്ത പിന്നണി ഗായികയും കോഴിക്കോട്ടുകാരിയുമാണ് മൃദുലവാര്യര്‍. ഈമാസം 16നാണ് മൃദുലയും ഭര്‍ത്താവ് അരുണും മകളും അടങ്ങിയ കുടുംബം ഇപ്പോള്‍ താമസിക്കുന്ന തൃശൂരിലെ ഫ്‌ളാറ്റിലുള്ള നാല് കുടുംബങ്ങള്‍ക്കൊപ്പം കാശ്മീരിലേക്ക് പോയത്. 21നാണ് ശ്രീനഗറില്‍ നിന്നു മടങ്ങിയത്. പഹല്‍ഗാം കാണാതെ മടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു എല്ലാവരും. പക്ഷേ, പിറ്റേദിവസം വാര്‍ത്തകള്‍ കേട്ട് നടുങ്ങിപ്പോയി. ആരോ മടക്കിത്തന്ന ജീവിതമാണെന്ന് ആശ്വസിക്കുകയാണ് മൃദുല ഇപ്പോള്‍.
സംഭവത്തെ കുറിച്ച് മൃദുലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്: ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ വന്നു പോകുന്ന ടൂറിസ്റ്റ് സ്ഥാലങ്ങളാണ് എബിസി വാലി. അവിടെ മൂന്ന് വാലികളാണ് ഉള്ളത്. വളരെ ഭംഗിയുള്ള സ്ഥലങ്ങളാണ്. വേണുഗോപാല്‍ സാര്‍ അവിടെ പോയിരുന്നു എന്ന് അറിയുന്നത് രണ്ട് ദിവസം മുന്നേയാണ്. അവര്‍ക്കൊപ്പമല്ല ഞങ്ങള്‍ ഉണ്ടായിരുന്നത്. അവിടെവെച്ച് കണ്ടിട്ടുമില്ല. അവിടെത്തെ കശ്മീരികള്‍ വളരെ നിഷ്‌കളങ്കരായ ആളുകളാണ്. കച്ചവടക്കാര്‍ക്കിടയില്‍ ചെറിയ തട്ടിപ്പുകള്‍ ഉണ്ട് പക്ഷെ എന്നാലും അവിടെ ഉള്ളവരാരും ഭീകരര്‍ ഒന്നും അല്ല, വളരെ പാവങ്ങള്‍ ആണ്. കശ്മീരിലേക്ക് യാത്ര പോകാന്‍ തീരുമാനിക്കുമ്പോള്‍ അവിടെ പണ്ട് ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ എല്ലാം ശാന്തമാണ് എന്നാണ് പറഞ്ഞിരുന്നത്.
ഇപ്പോള്‍ ഒരുപാട് പേര് പോയി സുരക്ഷിതമായി വരുന്നുമുണ്ട്. തിരിച്ചെത്തിയ ദിവസം ഇത്രയും വലിയൊരു ആക്രമണം നടന്നു എന്നത് വിശ്വസിക്കാന്‍ ആയില്ല, ഞെട്ടല്‍ മാറിയിട്ടില്ല എന്നാണ് മൃദുല പറഞ്ഞത്. ബ്ലസിയുടെ കളിമണ്ണില്‍ ലാലി ലാലീ ലേലോ.. എന്ന പാട്ടായിരുന്നു മൃദുലയെ മലയാള സിനിമയില്‍ പ്രശസ്തയാക്കിയത്. തുടര്‍ന്ന് ഇരുനൂറോളം ഗാനങ്ങള്‍ പാടി. 2023ലെ സ്റ്റേറ്റ് അവാര്‍ഡും നേടി. കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിയായ മൃദുല ഇപ്പോള്‍ തൃശൂരാണ് താമസിക്കുന്നത്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെയാണ് മൃദുലാ വാര്യരെ മലയാളികള്‍ പരിചയപ്പെട്ടത്. പിന്നീട് തന്റെ മധുരമേറിയ ശബ്ദത്തിലൂടെ സംഗീതാസ്വദകരെ കീഴ്‌പ്പെടുത്തി. പേര് പോലെ മൃദുലമാണ് മൃദുലയുടെ പാട്ടും സംസാരവും എല്ലാം. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായി എത്തിയും മൃദുല പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. നായികമാരെ വെല്ലുന്ന ഗായികയുടെ സൗന്ദര്യവും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. 12 വര്‍ഷം കഴിഞ്ഞു നടി വിവാഹിതയായിട്ട്. മാസങ്ങള്‍ക്കു മുമ്പാണ് ഡോ. അരുണ്‍ വാര്യരുമായുള്ള വിവാഹവാര്‍ഷികം ആഘോഷമാക്കിയത്.