സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആരാധകരുള്ള താര ദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. റീല്‍സ് വീഡിയോകളിലൂടെ തുടങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ കഴിഞ്ഞ താരമാണ് സൗഭാഗ്യ. സൗഭാഗ്യയ്ക്കൊപ്പമുള്ള റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് അര്‍ജ്ജുനുമായുള്ള പ്രണയവും വിവാഹവും ഒക്കെ പുറത്തുവന്നത്. അടുത്തിടെ സൗഭാഗ്യയുടെ കുടുംബത്തെക്കുറിച്ച് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് അര്‍ജുന്റെ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇപ്പോഴിതാ, ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെന്ന് പറയുകയാണ് അര്‍ജുനും സൗഭാഗ്യയും.
'ചേട്ടനും ഞാനും തമ്മില്‍ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ട് വിവാഹം കഴിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. അത് അല്ലാതെ ഉടനെ തന്നെ ചേട്ടനോട് പോയി കല്യാണം കഴിക്കാന്‍ എനിക്ക് പറയാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയില്‍ വന്ന ഉത്തരം പറയാനും എനിക്ക് അവനോട് പറയാന്‍ പറ്റില്ല. ചേട്ടന്‍ ഇഷ്ടമുള്ളപ്പോള്‍ അദ്ദേഹം പറയും. അല്ലാതെ ചേട്ടന്‍ രഹസ്യമായി വിവാഹം കഴിച്ചിട്ടില്ല. ഡാന്‍സ് പഠിക്കാന്‍ വന്നപ്പോള്‍ ചേട്ടനും വിദ്യയും കണ്ട് പരിചയപ്പെട്ട് പ്രണയിച്ചു എന്നൊക്കെയാണ് ആളുകള്‍ പ്രചരിപ്പിച്ചത്. അതിനോടൊക്കെ എങ്ങനെ പ്രതികരിക്കാനാണ്. കല്യാണം ഉടനെ ഉണ്ടാകും. അപ്പോള്‍ എല്ലാവരെയും അറിയിക്കാം.
അടുത്തിടെയായി അര്‍ജുന്റെയും സൗഭാഗ്യയുടെയും ഫാമിലി ഫോട്ടോകളില്‍ വിദ്യ എന്ന പെണ്‍കുട്ടിയും അവരുടെ വിദ്യാര്‍ത്ഥിനിയായ മകളും പ്രത്യക്ഷപ്പെട്ടതോടെയാണ് അര്‍ജുന്റെ ചേട്ടന്റെ രണ്ടാം വിവാഹവാര്‍ത്ത പുറംലോകം അറിഞ്ഞത്. അരുണും വിദ്യയും ഇപ്പോള്‍ പ്രണയത്തിലാണ്. വിവാഹത്തിനു മുന്നേയുള്ള പരസ്പരമുള്ള മനസിലാക്കലിന്റേയും മറ്റും ഘട്ടങ്ങളിലൂടെയാണ് ഇരുവരും കടന്നു പോകുന്നത്. അതേസമയം, വിദ്യ ഈ താരകുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞു. അരുണിന്റെ മക്കളെ സ്വന്തം മക്കളായി തന്നെയാണ് വിദ്യ ചേര്‍ത്തുപിടിച്ചിരിക്കുന്നത്. വിദ്യയുടെ മകളേയും സ്വന്തം സഹോദരിയായി അവര്‍ ചേര്‍ത്തുപിടിച്ചു കഴിഞ്ഞു. മാത്രമല്ല, സൗഭാഗ്യയെ നാത്തൂനായും താര വിദ്യയെ സ്വന്തം സഹോദരിയായുമാണ് സ്നേഹിക്കുന്നതും വിശേഷങ്ങള്‍ പങ്കുവെക്കുന്നതും.
സിനിമയില്‍ കാണുന്നതുപോലെയായി ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ശേഷമുള്ള രണ്ടുവര്‍ഷം എല്ലാവരും കൂടിച്ചേര്‍ന്ന് സന്തോഷിച്ച് പൊളിച്ചു. സൗഭാഗ്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങളെക്കാള്‍ സന്തോഷം എന്റെ ചേട്ടനും ചേച്ചിക്കും ആയിരുന്നു. ഞങ്ങള്‍ ആശുപത്രിയില്‍ പോയി കണ്‍ഫേം ചെയ്യും മുന്‍പ് തന്നെ ചേട്ടനും ചേച്ചിയും സ്വീറ്റ്സ് വാങ്ങി വിതരണം ചെയ്തു. പ്രഗ്നന്റ് അല്ല എന്ന് എങ്ങാനും റിസള്‍ട്ട് വന്നാല്‍ മൂഡ് ഔട്ട് ആകരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അവര്‍ക്ക് വിശ്വാസമായിരുന്നു. ആ ആളുകള്‍ മോളെ കാണാന്‍ ഇപ്പോള്‍ നമുക്കൊപ്പം ഇല്ലെന്നത് സങ്കടം തന്നെയാണ്. ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ചേട്ടന് മോന്‍ ജനിക്കുന്നത്.
അതുകൊണ്ടുതന്നെ എനിക്ക് കുഞ്ഞു വരുമ്പോഴുള്ള അവരുടെ സന്തോഷം കാണണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത്രയ്ക്കുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഇല്ലാതെ പോയി ' എന്നാണ് അര്‍ജുന്‍ പറഞ്ഞത്. കോവിഡ് കാലത്താണ് അര്‍ജുന്റെ മാതാപിതാക്കളും ചേട്ടന്റെ ഭാര്യയും അസുഖം ബാധിച്ച് മരിച്ചത്.