Latest News

മെമ്മറി കാര്‍ഡിലെ മാറ്റത്തില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം; ജയിക്കുന്നത് അതിജീവിതയുടെ നിയമ പോരാട്ടം; ജില്ലാ സെഷന്‍സ് കോടതി ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം; നടന്‍ ദിലീപിന്  തിരിച്ചടിയായി കോടതി വിധി

Malayalilife
topbanner
 മെമ്മറി കാര്‍ഡിലെ മാറ്റത്തില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം; ജയിക്കുന്നത് അതിജീവിതയുടെ നിയമ പോരാട്ടം; ജില്ലാ സെഷന്‍സ് കോടതി ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം; നടന്‍ ദിലീപിന്  തിരിച്ചടിയായി കോടതി വിധി

ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിര്‍ണായക വിധി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ജില്ലാ സെഷന്‍സ് കോടതിക്കാണ് നിര്‍ദ്ദേശം. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വേണമെങ്കില്‍ കോടതിക്ക് പൊലീസ് സഹായവും തേടാം. അങ്ങനെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിക്കുകയാണ്. കേസില്‍ ട്വിസ്റ്റായി മാറാന്‍ ഈ അന്വേഷണം സാഹചര്യമൊരുക്കും. അതായത് നടിയുടെ ആവശ്യം പോലെ ജില്ലാ ജഡ്ജി അന്വേഷിക്കും.

ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചതുകൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമാണ് ഈ വിവാദവും എത്തിയത്. അതിലാണ് നടിക്ക് അനുകൂലമായ വിധി. ഇതെല്ലാം നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി മാറുകയാണ്.

അതിജീവിതക്കും ദിലീപിനും ഒരുപോലെ നിര്‍ണായകമാകും ഹൈക്കോടതി വിധി. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ വിവരം ചോര്‍ന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. എന്നാല്‍ വിചാരണ നീട്ടി കൊണ്ടുപോകാന്‍ ആണ് നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്റെ വാദം. ഇത് തള്ളിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് മാറ്റമില്ലാതിരിക്കെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കഴിയുന്നതെങ്ങനെയെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തിയിരുന്നു. ഏതു സാഹചര്യത്തിലാണ് മൂന്നുതവണ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതെന്നത് അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില്‍ അതിലെന്താണ് തെറ്റെന്ന് വാദം കേള്‍ക്കുന്ന ജസ്റ്റിസ് കെ. ബാബു ചോദിച്ചിരുന്നു. ഹാഷ് വാല്യുവിലുണ്ടായ മാറ്റത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നതില്‍ ആശങ്കപ്പെടുന്നതെന്തിനെന്ന് ദിലീപിനോടും ആരാഞ്ഞു. വിചാരണ നീളുന്നതിനാലാണ് ആശങ്കയെന്നും തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. എന്നാല്‍ ഇത് അന്തിമ വിധിയില്‍ പ്രതിഫലിച്ചില്ല.

ഈ വിഷയത്തില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 425 അടക്കമുള്ളവപ്രകാരം കേസെടുക്കാനാകുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം.

Read more topics: # ദിലീപ്
DILEEP CASE COURT

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES