ധനുഷും നയന്‍താരയും തമ്മിലുള്ള അഭിപ്രായവ്യത്യാസം സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നയന്‍താരയുടെ സിനിമാ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ച സാഹചര്യത്തിലാണ് വിവാദം ഉയര്‍ന്നത്. കോപ്പിറൈറ്റ് പ്രശ്‌നം ഉന്നയിച്ച് ധനുഷ് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ വാദപ്രതിവാദങ്ങള്‍ രൂക്ഷമായിരുന്നു, പ്രശ്നത്തില്‍ പല പ്രമുഖ സിനിമാ താരങ്ങളും പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു.
നയന്‍താരയും ധനുഷും അപ്രതീക്ഷിതമായി ഒരേ വേദിയില്‍ എത്തിയ സംഭവം ഇപ്പോള്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. നിര്‍മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. രണ്ട് പേരും ഓരേ ചടങ്ങില്‍ എത്തിയത് ആരധകര്‍ക്ക് ആവേശവും അതുപോലെ തന്നെ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ധനുഷിന്റെ പുതിയ ചിത്രം ഇഡ്ലി കടയുടെ നിര്‍മ്മാതാവാണ് ആകാശ് ഭാസ്‌കരന്‍. ഈ അവസരത്തില്‍ ഇരുവരും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്ന് ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നത് എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്.
വിവാഹ ചടങ്ങില്‍ ഇരുവരും അടുത്ത അടുത്ത സീറ്റിലാണ് ഇരുന്നതും. എന്നാല്‍ ഇരുവരും പരസ്പരം മുഖം കൊടുക്കാന്‍ തയ്യാറായില്ല. നയന്‍സിനൊപ്പം പങ്കാളിയും സംവിധായകനുമായ വിഘ്?നേഷ് ശിവനുമുണ്ടായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കല്യാണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലാവുന്നത്.
നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില പിന്നണി ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
ഇതിനെതിരെ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തി. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് കഴിഞ്ഞദിവസം ഡോക്യുമെന്ററി നിര്‍മിക്കാന്‍ തന്നോട് സഹകരിച്ച നിര്‍മാതാക്കളുടെ പേരുവിവരങ്ങളും നടി പുറത്തുവിട്ടിരുന്നു.