നടന്റേ ബഹളം ഇല്ലാത്ത പാവം മനുഷ്യന്‍; സംസാരിക്കുന്നതുപോലും അസോഫ്റ്റന്നെ്‌ന് സീമാ ജി നായര്‍;കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തില്‍ പാവംപിടിച്ച  സ്‌നേഹനിധിയെന്ന് വിന്ദുജാ മേനോന്‍; മേഘനാഥന്‍ വിട പറയുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് സഹതാരങ്ങള്‍; നടന് അന്ത്യനിദ്രയൊരുക്കിയത് അച്ഛന്റെയും അനിയന്റെയും കുഴിമാടത്തിനരികെ

Malayalilife
നടന്റേ ബഹളം ഇല്ലാത്ത പാവം മനുഷ്യന്‍; സംസാരിക്കുന്നതുപോലും അസോഫ്റ്റന്നെ്‌ന് സീമാ ജി നായര്‍;കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തില്‍ പാവംപിടിച്ച  സ്‌നേഹനിധിയെന്ന് വിന്ദുജാ മേനോന്‍; മേഘനാഥന്‍ വിട പറയുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് സഹതാരങ്ങള്‍; നടന് അന്ത്യനിദ്രയൊരുക്കിയത് അച്ഛന്റെയും അനിയന്റെയും കുഴിമാടത്തിനരികെ

നടന്‍ മേഘനാഥന്റെ വിയോഗ വാര്‍ത്ത മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. നടന്‍ ബാലന്‍ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാഥന്‍.

മേഘനാഥന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ നടി സീമ ജി നായറും മേഘനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മേഘനാഥന്റെ വിയോഗ വാര്‍ത്ത കേട്ടാണ് ഉറക്കം ഉണര്‍ന്നതെന്നും നടന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നുമാണ് സീമ ജി നായര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

ആദരാഞ്ജലികള്‍.. ഏറ്റവും പ്രിയപ്പെട്ട മേഘനാഥന്‍ വിട പറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് ഉറക്കം ഉണര്‍ന്നത്.. വിശ്വസിക്കാന്‍ പറ്റുന്നില്ല.. ഇന്നലെ ലൊക്കേഷനില്‍ നിന്നും വരുമ്പോള്‍ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു.. മേഘന്റെ കൂടെ വര്‍ക്ക് ചെയ്ത കാര്യവും മറ്റും.. അത്രയ്ക്കും പാവം ആയിരുന്നു.. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്‍..

സംസാരിക്കുന്നത് പോലും അത്രക്കും സോഫ്റ്റാണ്.. എന്തു കൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറി വന്നതെന്ന് എനിക്ക് അറിയില്ല.. ഇന്നിപ്പോള്‍ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂര്‍ അല്ലെ ഷൂട്ട്.. അവിടെ അടുത്താണ് വീടെന്ന്.. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി.. ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞിരുന്നു.. അത് സ്ഥിരീകരിക്കാന്‍ അങ്ങോട്ടൊന്ന് വിളിക്കാന്‍ മടിയായിരുന്നു..കുറച്ചു നാള്‍ക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോള്‍ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാന്‍ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്.സീമ ജി നായര്‍ കുറിച്ചു.

നടി വിന്ദുജാ മേനോന്‍ കുറിച്ചതിങ്ങനെ:

കൈയില്‍ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോ ശെരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകള്‍ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാല്‍ ആ മുഖം വാടിത്തളരുന്നത് മഞ്ജുധര്‍മമന്‍ സംവിധാനം ചെയ്ത ''കഥയറിയാതെ' അഭിനയിച്ചപ്പോള്‍ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു. അഭ്രപാളികളില്‍ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തില്‍ പാവംപിടിച്ച ഒരു സ്‌നേഹനിധി. സുരാസു മെമ്മോറിയല്‍ അവാര്‍ഡ് ഞങ്ങള്‍ നേടിയപ്പോഴും ഞാന്‍ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാര്‍ഡാന്നു. അവസാനം 'അമ്മ' മീറ്റിംഗിന് കണ്ണുമ്പോപോലും ഹൃദ്യമായ കുശലാന്വേഷണം. ഇതായിരുന്നു വിന്ദുജയുടെ കുറിപ്പ്.


തിരക്കഥാകൃത്തും സാഹിത്യകാരനുമായ അനന്തപത്മനാഭന്‍ കുറിച്ചതിങ്ങനെ:

ഒരിക്കല്‍ മാത്രം നേരില്‍ കണ്ടു. അദ്ദേഹത്തിന്റെ പിതാവ് ബാലന്‍.കെ നായര്‍ സുഖമില്ലാതെ കിടന്നപ്പോള്‍ നടന്‍ അശോകനൊപ്പം ആര്‍.സി.സി.യില്‍ കാണാന്‍ പോയപ്പോള്‍. 'ചേട്ടനുമായി അടുപ്പമുണ്ടായിരുന്ന ആളല്ലേ ബാലേട്ടന്‍, പപ്പനെ കാണുന്നത് സന്തോഷമാവും' എന്ന് അശോകന്‍ ചേട്ടന്‍ പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. പറഞ്ഞത് ശരിയായിരുന്നു. ബാലന്‍.കെ. സാര്‍ 'പപ്പനെ' പ്പറ്റിയുള്ള 'ലോറി' ക്കാലം സ്‌നേഹത്തോടെ പറഞ്ഞു. കണ്ണു നിറഞ്ഞു.

നിര്‍മ്മലമായ ഒരു വള്ളുവനാടന്‍ ചിരിയുമായി പിതാവിന്റെ കിടക്കയ്ക്കടുത്ത് നിന്ന ആ ദൃഢഗാത്രനെ മറക്കില്ല. അധികം സംസാരമില്ല. പിരിഞ്ഞു കഴിഞ്ഞ് ഓര്‍ത്തു, ചിരിക്കുകയും കൈ പിടിച്ച് കുലുക്കുകയും ചെയ്തതല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു വാക്ക് കൂടി മിണ്ടിയില്ലല്ലോ. വേദനയോടെ വിട'.- അനന്തപത്മനാഭന്‍ കുറിച്ചു.

സാഹിത്യകാരന്‍ സേതു പങ്ക് വച്ചതിങ്ങനെ: താന്‍ തിരക്കഥ എഴുതി പുറത്തിറങ്ങിയ ഒറ്റ് എന്ന ടെലിഫിലിമില്‍ മേഘനാഥനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹം സാധാരണ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ തനിക്ക് കഷ്ടം തോന്നിയെന്ന് സേതു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

സേതുവിന്റെ കുറിപ്പ് വായിക്കാം:

നടന്‍ മേഘനാഥന്‍ വിട പറഞ്ഞു. തുടക്ക കാലത്തു എന്റെ തിരക്കഥയില്‍ ജി. എസ്. വിജയന്‍ സംവിധാനം ചെയ്ത ഒറ്റ് എന്ന ടെലിഫിലിമില്‍ പ്രധാന വേഷമായിരുന്നു. വിജയരാഘവന്‍, ബാബു നമ്പൂതിരി, സീനത്ത് എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍. അങ്കമാലിയിലെ ലൊക്കേഷനില്‍ ചിലപ്പോഴെല്ലാം ഞാനും പോയിരുന്നു. പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലന്‍ വേഷങ്ങള്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ കഷ്ടം തോന്നി. ചെറുപ്രായത്തില്‍ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികള്‍' .

അച്ഛന്‍ ബാലന്‍ കെ നായരുടെ കുഴിമാടത്തിനരികെ.. മാസങ്ങള്‍ക്കു മുമ്പ് അകാലത്തില്‍ മരണപ്പെട്ട അനുജന്‍ അജയകുമാറിനരികെയാണ് മേഘനാദന്റെയും മൃതദേഹം സംസ്‌കരിച്ചത്. അച്ഛന്റെയും കുടുംബത്തിലെ മറ്റുള്ളവരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ച ഇടം ഒരു മതില്‍കെട്ടിനകത്ത് മനോഹരമാക്കി കാടു പോലും പിടിക്കാതെ സൂക്ഷിച്ചിരുന്നു അദ്ദേഹം.  ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അനുജന്‍ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയത്. 41ന്റെ ചടങ്ങു കഴിഞ്ഞ് ആണ്ട് ബലിയിടലും പൂര്‍ത്തിയാക്കി അനുജനും അസ്ഥിത്തറ കെട്ടണമെന്നുള്ള തീരുമാനങ്ങള്‍ എടുത്തിരിക്കവേയാണ് അതിനു തൊട്ടരികെ മേഘനാദന്റെ മൃതദേഹം സംസ്‌കരിക്കുവാനും ആറടിമണ്ണെടുക്കേണ്ടി വന്നത്.

ഏക മകള്‍ പാര്‍വതിയും സഹോദരീസഹോദരന്മാരുടെ മക്കളും ചേട്ടനും ഒക്കെ ചേര്‍ന്നാണ് ഇന്നലെ ഷൊര്‍ണൂരിലെ തറവാടു വീടിന്റെ മുറ്റത്ത് അന്ത്യസംസ്‌കാര ശുഷ്രൂഷകള്‍ പൂര്‍ത്തിയാക്കിയത്. ഈ നേരമത്രയും കാഴ്ചക്കാര്‍ക്ക് നോവായി നിന്നത് അദ്ദേഹം പ്രാണനെ പോലെ കൊണ്ടു നടന്ന ഒരു മകനെ പോലെ സ്നേഹിച്ച അദ്ദേഹത്തിന്റെ സ്വന്തം ട്രാക്ടറായിരുന്നു. ഒരു നടന്‍ എന്നതിനപ്പുറം, അഭിനയ തിരക്കുകള്‍ ഒഴിഞ്ഞാല്‍ അദ്ദേഹം ഷൊര്‍ണൂരിലെ ഈ വീട്ടിലും പറമ്പിലും ഒരു കര്‍ഷനായിട്ടായിരുന്നു ജീവിച്ചിരുന്നത്. നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണിയായി പാടത്തും പറമ്പിലും സദാസമയവും ഉണ്ടാകും.

പാടത്ത് നെല്ലു വിതയ്ക്കുന്ന സമയമായാല്‍ പിന്നെ ഫുള്‍ ടൈം തിരക്കിലാകും. നിലം ഉഴാന്‍ മഹീന്ദ്രയുടെ ട്രാക്ടറുമായി മേഘനാദന്‍ പാടത്തെത്തും. രാവന്തിയോളം പണിയെടുത്ത് തിരിച്ച് വീട്ടിലെത്തിയാല്‍ അപ്പോള്‍ തന്നെ ട്രാക്ടര്‍ കഴുകി വൃത്തിയാക്കിയ ശേഷമേ അദ്ദേഹം കുളിക്കാനും ഭക്ഷണം കഴിക്കാനും പോലും പോയിരുന്നുള്ളൂ. അങ്ങനെ കൊണ്ടുവച്ച വണ്ടിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്തിനു തൊട്ടരികെ നിര്‍ത്തിയിട്ടിരിക്കുന്നത്. ഒരു പക്ഷെ, വാഹനങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ ഹൃദയം തകരുന്ന കാഴ്ചകള്‍ക്കായിരിക്കും അവിടം സാക്ഷ്യം വഹിച്ചേനെ. അദ്ദേഹം വളയം പിടിച്ച, അദ്ദേഹത്തിന്റെ വിയര്‍പ്പു തുള്ളികള്‍ വീണ ആ വണ്ടിയെ വേദനയോടെയാണ് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ വന്നവര്‍ തൊട്ടു തലോടി പോയത്.

ഇപ്പോഴും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വച്ചായിരുന്നു കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി ഷൊര്‍ണൂരിലെ വീട്ടിലേക്കാണ് അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചത്. അദ്ദേഹം ജനിച്ചു വളര്‍ന്ന അച്ഛന്‍ ബാലന്‍ കെ നായര്‍ പണിത തറവാട്ടു വീട്ടിലേക്കാണ് മേഘനാദന്റെ മൃതദേഹം എത്തിച്ചത്. അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും കുടുംബാംഗങ്ങളുമെല്ലാം മേഘനാദനെ അവസാനമായി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആ വീട്ടില്‍. ആ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് 11 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചത്.


 

Read more topics: # മേഘനാഥ ന്
seema ga nair about meghanadhan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES