ബോളിവുഡ് സിനിമകള്‍ക്കെതിരെയുള്ള ബഹിഷ്‌കരണാഹ്വാനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബോളിവുഡിലെ സൂപ്പര്‍താര ചിത്രങ്ങള്‍ വരെ ബഹിഷ്‌കരണാഹ്വാനം നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു ചിത്രം കൂടി ബോയ്‌ക്കോട്ട് കായയിനിന്റെ ഇരയാവുകയാണ്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ബ്രഹ്മാസ്ത്രയാണ് അത്.
തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇഷ്ടഭക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ച് കൊണ്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയിന്‍ നടക്കുന്നത്.
'ബോയ്‌കോട്ട് ബ്രഹ്മാസ്ത്ര' എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയ്ന്‍. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'റോക്ക്സ്റ്റാര്‍' എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഇന്റര്‍വ്യൂ ആണിത്. ബ്രഹ്മാസ്ത്രയിലെ ശിവ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയാണെന്ന് ചിലര്‍ പറയുന്നു.
അതോടൊപ്പം ആലിയ ഭട്ട് അടുത്തിടെ നടന്ന അഭിമുഖത്തില്‍ നെപ്പോട്ടിസത്തിന്റെ പേരില്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. 'എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, എന്റെ സിനിമകള്‍ കാണേണ്ട' എന്നായിരുന്നു ആലിയ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയും ബോയിക്കോട്ട് ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്.
ഇതിന് മുമ്പ് ചിത്രത്തിലെ ഗാനത്തില്‍ രണ്‍ബീര്‍ കപൂര്‍ അമ്പലത്തില്‍ ചെരുപ്പിട്ട് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയും സിനിമയ്ക്കെതിരെ വിദ്വേഷ ക്യാംപെയിന്‍ നടന്നിരുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ സെപ്റ്റംബര്‍ 9നാണ് റിലീസ് ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ അമിതാബ് ബച്ചന്‍, ആലിയ ഭട്ട്, മൗനി റോയ്, നാഗാര്‍ജുന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്
അയന്‍ മുഖര്‍ജി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 സെപ്തംബര്‍ ഒന്‍പതിന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.