രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് അമിതാഭ് ബച്ചന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ബ്രഹ്‌മാസ്ത്രയുടെ ട്രെയിലര്‍ പുറത്ത്. മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ ശിവ എന്ന ആദ്യ ഭാഗത്തിന്റെ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. നാഗാര്‍ജ്ജുന, മൗനി റോയി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2022 സെപ്തംബര്‍ 9നാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ബ്രഹ്‌മാസ്ത്ര എത്തുക. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
എസ് എസ് രാജമൗലിയാണ് മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ബ്രഹ്‌മാസ്ത്ര അവതരിപ്പിക്കുന്നത്. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേരുന്ന മഹാകാവ്യമാണ് ബ്രഹ്‌മാസ്ത്ര എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.