ബോളിവുഡ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം 'ബ്രഹ്മാസ്ത്ര' യുടെ മെഗാ പ്രീ റിലീസ് ഇവന്റ് ഹൈദരാബാദില്‍ നടന്നു. വെള്ളിയാഴ്ച ഹൈദരാബാദ് നഗരത്തിലെ പ്രധാന ഹോട്ടലില്‍ നടന്ന ചടങ്ങില്‍ രണ്‍ബീറിനൊപ്പം ആലിയ ഭട്ടും എത്തിയത് ഇവന്റിന് മാറ്റ് കൂട്ടി.
പ്രൊമോഷന്‍ പരിപാടിയില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയത് പിങ്ക് നിറത്തിലുള്ള ഷറാറ ധരിച്ചെത്തിയ ആലിയ ഭട്ടായിരുന്നു. അമ്മയാകാനൊരുങ്ങുന്ന ആലിയ ഭട്ട് പരിപാടിക്കെത്തിയത് അതീവ സുന്ദരിയായിട്ടാണ്. പിങ്ക് കളര്‍ സ്യൂട്ടില്‍ സ്വര്‍ണ നിറത്തിലുള്ള നൂലുകള്‍ കൊണ്ടുള്ള വെറൈറ്റി ഡിസൈനാണ് ആലിയയെ സുന്ദരിയാക്കിയത്. എന്നാല്‍ വസ്ത്രത്തിന്റെ പിറക് വശത്ത് സ്വര്‍ണ നൂലില്‍ തുന്നിചേര്‍ത്ത 'ബേബി ഓണ്‍ ബോര്‍ഡ്' ആണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമാകുന്നത്.
വേദിയില്‍ വച്ച് കരണ്‍ ജോഹര്‍, ആലിയയോട് തിരിഞ്ഞ് നിന്ന് തന്റെ വസ്ത്രത്തിന്റെ പിന്‍വശത്തെഴുതിയ വാക്കുകള്‍ സദസിന് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന് ഏതറ്റം വരെയും പോകുമെന്നും സ്വന്തം കുഞ്ഞിനെ പോലും വെറുതെ വിടില്ലെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.
സിനിമ പ്രചാരണത്തിന് താര ദമ്പതികള്‍ ഒന്നിച്ചാണ് എത്തിയിരുന്നത്. കറുപ്പ് വസ്ത്രം അണിഞ്ഞ രണ്‍ബീര്‍ കപൂറും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷണമേകി. ആകര്‍ഷകമായ ഇരുവരുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.ദമ്പതികള്‍ ഒന്നിച്ച് തകര്‍ത്ത് അഭിനയിച്ച ചിത്രം എന്നതിനപ്പുറം സിനിമയ്ക്ക് മറ്റൊരു പ്രത്യേക കൂടിയുണ്ട്. ഇരുവരുടെയും പ്രണയം മൊട്ടിട്ട് തുടങ്ങിയത് ബ്രഹ്മാസ്ത്രയുടെ സെറ്റുകളില്‍ നിന്നാണ്. 2022 ഏപ്രിലിലായിരുന്നു താരദമ്പതികളുടെ വിവാഹം. തുടര്‍ന്ന് 2022 ജൂണില്‍ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് ആലിയ അമ്മയായതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തു.