വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വി ബാല മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌ക്കറിനെയും കാറിലുണ്ടായിരുന്ന ഭാര്യ ലക്ഷ്മി, വാഹനമോടിച്ച ഡ്രൈവര്‍ എന്നിവര്‍ ആശുപത്രിയില്‍ തീവവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയാണ് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കാര്‍ യാത്രയ്ക്കിടെ മരണത്തെ പുല്‍കിയത്. 15 വര്‍ഷത്തോളമുള്ള കാത്തിരിപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കുമൊടുവിലാണ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നത്.
അതേസമയം മകളുടെ മരണ വാര്‍ത്ത അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. അപകടം ഉണ്ടായ ഉടനെ തന്നെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത കുഞ്ഞിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബാലഭാസ്‌കര്‍, ഭാര്യ, മകള്‍, ഡ്രൈവര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകള്‍ അതീവ ഗുരുതരമാണെന്നാണ് സൂചന. കാര്‍ പൊളിച്ചാണ് ഇവരെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
മലയാളത്തിലെ യുവ സംഗീതജ്ഞരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബാലഭാസ്‌കര്‍. പഠനകാലത്ത് തന്നെ വയലിന് മികവ് കാട്ടിയ പ്രതിഭയാണ് ബാലഭാസ്‌കര്‍. എആര്‍ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്‌കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് വയസ് മുതല്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി.ശശികുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ ആദ്യമായി വയലിനുമായി സ്റ്റേജില്‍ എത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ച് വര്‍ഷം അടുപ്പിച്ച് കേരള യൂണിവേഴ്സിറ്റിയില്‍ വയലിനില്‍ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കര്‍ 17ാം വയസില്‍ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി. മൂന്ന് സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കര്‍ കോളജ് കാലത്ത് തന്നെ കണ്‍ഫ്യൂഷന്‍ എന്ന പ്രൊഫഷണല്‍ ബാന്‍ഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ക്രിയേറ്റ് ചെയ്തു. ഇപ്പോഴത്തെ ബാന്‍ഡിന്റെ പേര് ബാലലീല.
കര്‍ണാടക സംഗീതത്തിലെ ലിറിക്സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്‌കര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ഇന്റോ വെസ്റ്റേണ്‍ ഫ്യൂഷന്‍ മലയാളത്തിന് പരിചയപ്പെടുത്തിയതും ബാലഭാസ്‌കറായിരുന്നു.